നിക്കരാഗ്വേയിൽ കത്തോലിക്ക സഭ നേരിടുന്നത് കടുത്ത പീഡനങ്ങൾ; മാർപാപ്പയ്ക്ക് റിപ്പോർട്ട് കൈമാറി ​ഗവേഷക മാർത്ത പട്രീഷ്യ

നിക്കരാഗ്വേയിൽ കത്തോലിക്ക സഭ നേരിടുന്നത് കടുത്ത പീഡനങ്ങൾ; മാർപാപ്പയ്ക്ക് റിപ്പോർട്ട് കൈമാറി ​ഗവേഷക മാർത്ത പട്രീഷ്യ

വത്തിക്കാൻ സിറ്റി: നിക്കരാഗ്വേയിലെ കത്തോലിക്ക സഭ നേരിടുന്ന കടുത്ത പീഡനങ്ങളെക്കുറിച്ചുള്ള സമഗ്ര റിപ്പോർട്ട് ലാ പ്രെൻസ പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് അംഗവും ഗവേഷകയുമായ മാർത്ത പട്രീഷ്യ മൊളിന ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് കൈമാറി. “നിക്കരാഗ്വേ: ഒരു പീഡിപ്പിക്കപ്പെട്ട സഭ” എന്ന പേരിലുള്ള ഈ റിപ്പോർട്ടിൽ രാജ്യത്തെ ഏകാധിപത്യ ഭരണകൂടം സഭയ്‌ക്കെതിരെ നടപ്പാക്കിയ അടിച്ചമർത്തൽ നയങ്ങളുടെ വിവരങ്ങളാണ് ഉൾക്കൊള്ളുന്നത്.

പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയും നയിക്കുന്ന ഭരണകൂടം കത്തോലിക്ക സഭയെ ലക്ഷ്യമാക്കി നടത്തിയ ആയിരത്തിലധികം ആക്രമണങ്ങളും 16,500 ത്തിലധികം പ്രദിക്ഷണങ്ങൾ നിരോധിച്ചതും റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. സഭയ്‌ക്കെതിരായ ഭരണകൂടത്തിന്റെ തുടർച്ചയായ അടിച്ചമർത്തൽ നീക്കങ്ങളെക്കുറിച്ച് നേരിട്ട് പാപ്പായെ ബോധ്യപ്പെടുത്താൻ മാർത്ത പട്രീഷ്യയ്ക്കു കഴിഞ്ഞു.

2007 ൽ അധികാരത്തിലേറിയ ഒർട്ടേഗ ഭരണകൂടം സഭയ്‌ക്കെതിരായ ശക്തമായ വിരോധപരമായ നിലപാടാണ് തുടർച്ചയായി സ്വീകരിച്ചിട്ടുള്ളത്. 2018 ൽ സാമൂഹ്യ സുരക്ഷാ സംവിധാനത്തിലെ മാറ്റങ്ങൾക്കെതിരെ പൊട്ടിപ്പുറപ്പെട്ട ജനപ്രക്ഷോഭം അടിച്ചമർത്തുന്നതിനിടെ 355 പേർ കൊല്ലപ്പെട്ടത് രാജ്യം മുഴുവൻ പ്രതിരോധത്തിനും ദുഖത്തിനും വഴിവെച്ചിരുന്നു. കത്തോലിക്ക സഭ അന്ന് സർക്കാരിന്റെ അമാനുഷിക നടപടികൾക്കെതിരെ തുറന്ന വിമർശനവുമായി രംഗത്തെത്തിയതോടെ ഭരണകൂടത്തിന്റെ വിരോധം ശക്തമായി.

തുടർന്ന് സർക്കാർ സഭയുടെ വിവിധ സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയും ചില മെത്രാന്മാരെയും വൈദികരെയും നാടുകടത്തുകയും ചെയ്തതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. നിക്കരാഗ്വേയിലെ സഭയുടെ നില ഇപ്പോഴും അതീവ ദുര്‍ഘടമാണെന്ന് പത്രം വിലയിരുത്തുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.