തൊഴിലുടമകള്‍ക്ക് ആശ്വാസം: ഇനി സ്വകാര്യ മേഖലയില്‍ സാമ്പത്തിക ഗ്യാരന്റി വേണ്ട, ഇളവുമായി കുവൈറ്റ്

തൊഴിലുടമകള്‍ക്ക് ആശ്വാസം: ഇനി സ്വകാര്യ മേഖലയില്‍ സാമ്പത്തിക ഗ്യാരന്റി വേണ്ട, ഇളവുമായി കുവൈറ്റ്

കുവൈറ്റ് സിറ്റി: സ്വകാര്യ മേഖലയില്‍ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള നടപടി ക്രമങ്ങളില്‍ ഇളവുമായി കുവൈറ്റ്. വിവിധ തൊഴില്‍ മേഖലകളില്‍ നിയമനം നടത്താനായി ഏര്‍പ്പെടുത്തിയ സാമ്പത്തിക ഗ്യാരന്റികള്‍ സര്‍ക്കാര്‍ ഒഴിവാക്കി. ഇത് സംബന്ധിച്ച ഉത്തരവ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പുറത്തിറക്കി.

സര്‍ക്കാരിന്റെ നീക്കം തൊഴിലുടമകള്‍ക്ക് നേട്ടമാകും. ക്ലീനിങ്, സെക്യൂരിറ്റി, ഹാന്‍ഡിലിങ് തുടങ്ങിയ സേവന വിഭാഗങ്ങളില്‍ നിയമനം നടത്താന്‍ മുന്‍പ് സാമ്പത്തിക ഗ്യാരന്റികള്‍ നല്‍കണമെന്നായിരുന്നു നിയമം. ഇത് പലപ്പോഴും തൊഴില്‍ ഉടമയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത് പരിഗണിച്ചാണ് സാമ്പത്തിക ഗ്യാരന്റികള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ട്. വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിച്ച ശേഷവും ജോലിക്ക് ഹാജരാകാത്ത ജീവനക്കാര്‍ക്ക് സാമ്പത്തിക ഗ്യാരന്റികളും റദ്ദാക്കിയിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വാണിജ്യ ലൈസന്‍സുകള്‍ അനുവദിക്കുന്നത്തിനും നേരത്തെ സാമ്പത്തിക ഗ്യാരന്റികള്‍ ഏര്‍പ്പെടുത്തിയിരുന്നു. അവയും റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.

പുതിയ നീക്കത്തിലൂടെ കുവൈറ്റിലെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും കൂടുതല്‍ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനും സാധിക്കുമെന്നാണ് പബ്ലിക് അതോറിറ്റിയുടെ വിലയിരുത്തല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.