ഭൂട്ടാനില്‍ നിന്ന് വാഹനക്കടത്ത്: മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ ഇ.ഡി റെയ്ഡ്

ഭൂട്ടാനില്‍ നിന്ന്  വാഹനക്കടത്ത്: മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ ഇ.ഡി റെയ്ഡ്

കൊച്ചി: ഭൂട്ടാനില്‍ നിന്ന് കാര്‍ കടത്തിയതുമായി ബന്ധപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്റെയും മമ്മൂട്ടിയുടെയും വീടുകളില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) മിന്നല്‍ പരിശോധന. കസ്റ്റംസ് പരിശോധന നടത്തിയതിന് പിന്നാലെയാണ് ഇഡി റെയ്ഡ്.

ഭൂട്ടാന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്‌ട്രേഷനിലും ഏര്‍പ്പെട്ടിരിക്കുന്ന ഒരു സിന്‍ഡിക്കേറ്റിനെക്കുറിച്ചുളള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്നാണ് ഇഡി അറിയിച്ചത്.

'മമ്മൂട്ടി ഹൗസ്' എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും കടവന്ത്രയിലെ ദുല്‍ഖറിന്റെ വീട്ടിലുമാണ് പരിശോധന. നടന്‍മാരായ പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കല്‍, വിദേശ വ്യവസായി വിജേഷ് വര്‍ഗീസ്, വാഹന ഡീലര്‍മാര്‍ എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചെന്നൈയിലും അടക്കം 17 ഇടങ്ങളില്‍ പരിശോധന നടക്കുകയാണ്.

കസ്റ്റംസ് നടത്തിയ ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത ദുല്‍ഖര്‍ സല്‍മാന്റെ വാഹനങ്ങള്‍ വിട്ടു നല്‍കണമെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. വാഹനം വിട്ടുനല്‍കണമെന്ന നടന്റെ ആവശ്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. വ്യക്തികള്‍ക്കെതിരെ തെളിവുകള്‍ ഇല്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും കസ്റ്റംസിനോട് ഹൈക്കോടതി പറഞ്ഞിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.