കൊച്ചി: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വായ്പ എഴുതിത്തള്ളുന്നത് പ്രായോഗികമല്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ് വായ്പ എഴുതിത്തള്ളുക എന്നത്. തീരുമാനമെടുക്കേണ്ടത് അതത് ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചു.
അതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലുള്ളത്. ഇക്കാര്യത്തില്‍ കേന്ദ്രത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹൈക്കോടതിയാണ് ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന നിര്‍ദേശം മുന്നോട്ടു വച്ചത്. ദുരന്തനിവാരണ നിയമത്തില്‍ ഇതിനുള്ള വകുപ്പ് ഒഴിവാക്കിയതിനാല്‍ സാധ്യമല്ലെന്ന് കേന്ദ്രം മുമ്പ് അറിയിച്ചിരുന്നു.
പ്രത്യേക അധികാരം ഉപയോഗിച്ച് തീരുമാനമെടുത്തുകൂടേയെന്ന് കോടതി ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിക്ക് പല തവണ കേന്ദ്രം സമയം നീട്ടി ചോദിച്ചിരുന്നു. ചൂരല്‍മല, മുണ്ടക്കൈ ദുരന്തബാധിതര്‍ 35.30 കോടി രൂപയാണ് 12 ദേശസാത്കൃത ബാങ്കുകളില്‍ നിന്നായി വായ്പയെടുത്തിട്ടുളളത്.