ലിയോ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനം തുര്‍ക്കിയിലേക്കും ലബനോനിലേക്കും

ലിയോ പാപ്പയുടെ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനം തുര്‍ക്കിയിലേക്കും ലബനോനിലേക്കും

വത്തിക്കാൻ സിറ്റി: നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ലിയോ പതിനാലാമന്‍ പാപ്പ തന്റെ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനം തുര്‍ക്കിയിലേക്കും ലബനനിലേക്കും നടത്തുമെന്ന് വത്തിക്കാന്‍. പാപ്പ നവംബര്‍ 27 മുതല്‍ 30 വരെ തുര്‍ക്കിയും തുടര്‍ന്ന് നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ട് വരെ ലബനനും സന്ദര്‍ശിക്കും.

യാത്രയുടെ ആദ്യഘട്ടത്തില്‍, ഒന്നാം നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാപ്പ ഇസ്നിക്ക് (പുരാതന നിഖ്യാ) നഗരത്തിലെത്തും. എഡി 325 ല്‍ നടന്ന ഈ കൗണ്‍സില്‍ ക്രിസ്ത്യന്‍ സഭയുടെ പ്രാരംഭ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായിരുന്നു. വസന്തകാലത്ത് ആരംഭിച്ച ഈ കൗണ്‍സില്‍ ജൂലൈയിലോ ഓഗസ്റ്റിലോ സമാപിച്ചു.

കത്തോലിക്കയും ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുള്ള വലിയ വിഭജനത്തിന് മുമ്പ് എല്ലാ ക്രിസ്ത്യന്‍ സമൂഹങ്ങളെയും ഒരുമിപ്പിച്ച ചരിത്രനാഴികക്കല്ലായിരുന്നു നിഖ്യാ കൗണ്‍സില്‍. ഫ്രാന്‍സിസ് മാര്‍പാപ്പയും കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോ പ്രഥമനും നേരത്തെ നിശ്ചയിച്ച മാതൃകയെ തുടര്‍ന്നാണ് ലിയോ പാപ്പ ഈ യാത്ര ക്രമീകരിച്ചിരിക്കുന്നത്.

ഹിസ്ബുള്ളയും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന ലബനന്റെ ഇന്നത്തെ ദുര്‍ബലമായ രാഷ്ട്രീയ സാഹചര്യത്തിന് അയവു വരുവാനും ലിയോ പാപ്പയുടെ സന്ദര്‍ശനം കാരണമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.