സ്‌റ്റോക്‌ഹോം: വൈദ്യ ശാസ്ത്രത്തിനും ഭൗതിക ശാസ്ത്രത്തിനും പിന്നാലെ ഈ വര്‍ഷത്തെ രസതന്ത്ര ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. സുസുമു കിറ്റഗാവ, റിച്ചാര്‍ഡ് റോബ്സണ്‍, ഒമര്‍ എം. യാഗി എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിം വര്‍ക്കുകളുടെ വികസനത്തിനാണ് പുരസ്‌കാരം.
ഇതുമായി ബന്ധപ്പെട്ട് മൂവരും ചേര്‍ന്ന് പുതിയ തരം തന്മാത്രാ ഘടനകള്‍ വികസിപ്പിച്ചെടുത്തുവെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് പറഞ്ഞു. ഇവര്‍ നിര്‍മിച്ച ഘടനകളില്‍ തന്മാത്രകള്‍ക്ക് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാന്‍ കഴിയുന്ന വലിയ അറകളുണ്ട്.
മരുഭൂമിയിലെ വായുവില്‍ നിന്ന് ജലം ശേഖരിക്കാനും വെള്ളത്തില്‍ നിന്ന് മലിനീകരണകാരികളെ വേര്‍തിരിച്ചെടുക്കാനും കാര്‍ബണ്‍ ഡൈ ഓക്സൈഡ് പിടിച്ചെടുക്കാനും, ഹൈഡ്രജന്‍ സംഭരിക്കാനും ഗവേഷകര്‍ ഈ അറകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് അക്കാദമി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിം വര്‍ക്കുകളുടെ വികസനത്തിലൂടെ, പുരസ്‌കാര ജേതാക്കള്‍ രസതന്ത്രജ്ഞര്‍ക്ക് അവര്‍ നേരിടുന്ന ചില വെല്ലുവിളികള്‍ പരിഹരിക്കാനുള്ള പുതിയ അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു.
റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് ആണ് രസതന്ത്രത്തിലും ഭൗതിക ശാസ്ത്രത്തിലുമുള്ള നൊബേല്‍ സമ്മാനം നല്‍കുന്നത്. സാഹിത്യം, വൈദ്യശാസ്ത്രം, സമാധാനം, സാമ്പത്തികം എന്നീ മേഖലകളിലും നൊബേല്‍ സമ്മാനം നല്‍കാറുണ്ട്. സ്വീഡിഷ് രസതന്ത്രജ്ഞനും സംരംഭകനുമായ ആല്‍ഫ്രഡ് നൊബേലാണ് നൊബേല്‍ സമ്മാനം സ്ഥാപിച്ചത്.