ഇസ്ലമാബാദ്: ഇസ്ലാമിക ഭീകര സംഘടനകളായ ലഷ്‌കറെ തൊയ്ബയും ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ പ്രൊവിന്‍സും (ഐഎസ്‌കെപി) ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐയുടെ അനുഗ്രഹാശിസുകളോടെയാണ് രണ്ട് ഭീകര സംഘടനകളും കൈകോര്‍ക്കുന്നത്.
ലഷ്‌കറെ തൊയ്ബ കമാന്‍ഡറായ റാണാ മുഹമ്മദ് അഷ്ഫാഖിന് ഐഎസ്‌കെപി ബലൂചിസ്ഥാന്‍ കോര്‍ഡിനേറ്റര്‍ മിര്‍ ഷഫീഖ് മെംഗല്‍ ഒരു തോക്ക് സമ്മാനിക്കുന്ന ചിത്രം പുറത്തു വന്നിട്ടുണ്ട്.
ലഷ്‌കറെ ശൃംഖല വികസിപ്പിക്കുന്നതിനും പുതിയ മര്‍ക്കസുകള്‍ സ്ഥാപിക്കുന്നതിനും വിവിധ വിഭാഗങ്ങളിലുള്ള മറ്റ് ഭീകര സംഘടനകളുമായി ഏകോപനം നടത്തുന്നതിന്റെയും ചുമതല റാണാ മുഹമ്മദ് അഷ്ഫാഖിനാണ്.
ഐഎസ്ഐയുടെ നിര്‍ദേശ പ്രകാരം ബലൂച് പോരാളികളെ അടിച്ചമര്‍ത്തുന്നതിനായി മുന്‍ ബലൂചിസ്ഥാന്‍ കാവല്‍ മുഖ്യമന്ത്രി നാസിര്‍ മെംഗലിന്റെ മകനായ മിര്‍ ഷഫീഖ് മെംഗല്‍, 2010 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
2018 ലാണ് ഐഎസ്ഐയുടെ നേരിട്ടുള്ള സാമ്പത്തിക സഹായത്തോടെ ബലൂചിസ്ഥാനിലെ മസ്തുങ്, ഖുസ്ദാര്‍ ജില്ലകളില്‍ ഐഎസ്‌കെപി തങ്ങളുടെ ആദ്യത്തെ രണ്ട് പ്രധാന ക്യാമ്പുകള്‍ സ്ഥാപിക്കുന്നത്.

ലഷ്‌കറെ തൊയ്ബ കമാന്‍ഡറായ റാണാ മുഹമ്മദ് അഷ്ഫാഖും ഐഎസ്‌കെപി ബലൂചിസ്ഥാന്‍ കോര്‍ഡിനേറ്റര്‍ മിര്‍ ഷഫീഖ് മെംഗലും.
2010 മുതല്‍ സജീവമായ മെംഗലിന്റെ സ്‌ക്വാഡ് ബലൂച് വിഘടന വാദികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു. പാകിസ്ഥാനിലെ ഉന്നത രാഷ്ട്രീയ നേതൃത്വവുമായി മെംഗലിന് അടുപ്പമുണ്ട്. 2023 ല്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രം പുറത്തു വന്നിരുന്നു.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ച ശേഷം ഐഎസ്ഐ ബലൂചിസ്ഥാനിലെ ഐഎസ്‌കെപി പ്രവര്‍ത്തനങ്ങള്‍ പുന സംഘടിപ്പിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.
മെംഗലിന്റെ നേതൃത്വത്തില്‍ ബലൂച് പോരാളികളെ ആക്രമിക്കാന്‍ മസ്തുങ് ക്യാമ്പിനെയും അഫ്ഗാനിസ്ഥാനിലെ അതിര്‍ത്തി കടന്നുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഖുസ്ദാര്‍ ക്യാമ്പിനെയും ചുമതലപ്പെടുത്തി. ഐഎസ്ഐ ചാനലുകള്‍ വഴി മെംഗല്‍ രണ്ട് ക്യാമ്പുകള്‍ക്കും ആയുധങ്ങളും മറ്റ് സഹായങ്ങളും നല്‍കി.
2025 മാര്‍ച്ചില്‍ ബലൂച് വിമതര്‍ ഐഎസ്‌കെപിയുടെ മസ്തുങ് ക്യാമ്പില്‍ പ്രത്യാക്രമണം നടത്തുകയും 30 ഐഎസ്‌കെപി ഭീകരരെ വധിക്കുകയും ചെയ്തു. ഇതിന് മറുപടിയായി, ലഷ്‌കറെ തൊയ്ബയോട് തങ്ങളുടെ കേഡര്‍മാരെ ബലൂചിസ്ഥാനില്‍ വിന്യസിക്കാന്‍ ഐഎസ്ഐ നിര്‍ദേശിച്ചു. ഇപ്പോള്‍ പുറത്തു വന്ന അഷ്ഫാഖിന്റെയും മെംഗലിന്റെയും ചിത്രം രണ്ട് ഭീകര സംഘടനകളും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു എന്ന സൂചനയാണ് നല്‍കുന്നത്.
ലഷ്‌കറെ തൊയ്ബയ്ക്ക് ബലൂചിസ്ഥാനില്‍ ദീര്‍ഘകാലമായി സാന്നിധ്യമുണ്ട്. 2002 നും 2009 നും ഇടയില്‍, ബലൂചിസ്ഥാനില്‍ ലഷ്‌കര്‍ ഭീകര പരിശീലന ക്യാമ്പും നടത്തിയിരുന്നു. അവിടെ ഇന്ത്യന്‍ മുജാഹിദീന്‍ സഹസ്ഥാപകന്‍ യാസീന്‍ ഭട്കലിന് 2006 ല്‍ ആയുധ പരിശീലനം ലഭിച്ചിരുന്നു.