അധ്യാപകരോടുള്ള നീതി നിഷേധം അവസാനിപ്പിക്കണം: സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍

അധ്യാപകരോടുള്ള നീതി നിഷേധം അവസാനിപ്പിക്കണം: സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍

കൊച്ചി: അധ്യാപകരോടുള്ള സര്‍ക്കാരിന്റെ നീതി നിഷേധം അവസാനിപ്പിക്കണമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട കോടതി വിധികളും തുടര്‍ന്നുള്ള സര്‍ക്കാര്‍ ഉത്തരവുകളും പാലിക്കുന്നതില്‍ ക്രൈസ്തവ മാനേജ്‌മെന്റുകള്‍ പൂര്‍ണമായ ജാഗ്രതയും സഹകരണവും പുലര്‍ത്തിയിട്ടുണ്ട്.

ഇതുപ്രകാരം ഓരോ കാറ്റഗറിയിലുമുള്ള റോസ്റ്റര്‍ തയ്യാറാക്കി ഒഴിവുകള്‍ കണ്ടെത്തി ഭിന്നശേഷി നിയമനത്തിനായി നീക്കിവയ്ക്കുകയും ക്രമപ്രകാരം വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്.

ഭിന്നശേഷിക്കാരായ സഹോദരങ്ങളെ ഏറ്റവും അധികം ചേര്‍ത്തു പിടിക്കുന്ന ക്രൈസ്തവ സഭകളുടെ പാരമ്പര്യം കേരളീയ പൊതുസമൂഹത്തിന് ബോധ്യമുള്ളതായിരിക്കെ ഈ വിഷയത്തില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളെ അകാരണമായി കുറ്റപ്പെടുത്തുന്ന രീതിയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്തു നിന്ന് ചില പരാമര്‍ശങ്ങള്‍ ഉണ്ടായത് തികച്ചും പ്രതിഷേധാര്‍ഹമാണ്.

എയ്ഡഡ് സ്ഥാപനങ്ങളിലെ ഭിന്നശേഷി നിയമനങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം എന്നുതന്നെയാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ സര്‍ക്കാരിനോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി.

എന്നാല്‍ ഭിന്നശേഷിക്കാര്‍ക്കായി നീക്കി വച്ചിരിക്കുന്ന തസ്തികകള്‍ മുഴുവന്‍ സമയബന്ധിതമായി നികത്തുന്നതിന് സര്‍ക്കാരിനെക്കൊണ്ട് സാധിക്കാത്തതിന്റെ പേരില്‍ 2021 നവംബര്‍ ഏഴിന് ശേഷമുണ്ടായ സ്ഥിരം ഒഴിവുകളില്‍ നിയമിക്കപ്പെട്ട അധ്യാപകര്‍ ദിവസ വേതനക്കാരായി തുടരുന്ന അവസ്ഥയാണ് ഭിന്നശേഷി സംവരണ പ്രശ്‌നത്തിന്റെ കാതല്‍.

കഴിഞ്ഞ നാല് വര്‍ഷമായി വിവിധ മാനേജ്‌മെന്റുകളില്‍ നിയമിതരായ എല്ലാ യോഗ്യതകളുമുള്ള പതിനെണ്ണായിരത്തോളം അധ്യാപകര്‍ ഈ ദുരവസ്ഥ നേരിടുകയാണ്.

അധ്യാപക നിയമനങ്ങള്‍ ക്രമവല്‍ക്കരിക്കുന്ന വിഷയത്തില്‍ എന്‍.എസ്.എസ് മാനേജ്‌മെന്റ് സുപ്രീം കോടതിയില്‍നിന്നും നേടിയ അനുകൂല ഉത്തരവ് ഈ രംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് സഹായകരമായിരുന്നു. എന്‍.എസ്.എസിനെപ്പോലെ മറ്റു മാനേജ്‌മെന്റ്കളും ഭിന്നശേഷി സംവരണത്തിനായുള്ള തസ്തികകള്‍ സര്‍ക്കാരിനെ അറിയിച്ച് കാത്തിരിക്കുന്നവരാണ്.

എന്നാല്‍ സമാന വിദ്യാഭ്യാസ ഏജന്‍സികള്‍ക്കും പ്രസ്തുത ഉത്തരവിന്റെ ആനുകൂല്യം നല്‍കാവുന്നതാണെന്ന സുപ്രീം കോടതി ഉത്തരവിലെ പരാമര്‍ശവും തുടര്‍ന്ന് കേരളാ ഹൈക്കോടതി നല്‍കിയ നിര്‍ദേശവും തള്ളിക്കളയുന്ന നിഷേധാത്മക സമീപനമാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചത്. ഇത് അങ്ങേയറ്റം നീതി നിഷേധമാണ്.

ആയതിനാല്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ അടിയന്തിരമായി നടപ്പില്‍ വരുത്തണമെന്ന് സീറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

1. എന്‍.എസ്.എസ്. മാനേജ്‌മെന്റിലെ നിയമനങ്ങള്‍ റെഗുലറൈസ് ചെയ്ത ഉത്തരവിന്റെ ആനുകൂല്യം മറ്റു മാനേജ്‌മെന്റ്കളിലെ നിയമനങ്ങള്‍ക്കും ബാധകമാക്കണം.

2. 2021 മുതല്‍ സ്ഥിരം തസ്തികളിലേക്ക് നിയമിക്കപ്പെട്ട ദിവസ വേതനം മാത്രം കൈപ്പറ്റുന്ന അധ്യാപകരുടെ നിയമനങ്ങള്‍ എത്രയും വേഗം റെഗുലറൈസ് ചെയ്യണം.

3. ശമ്പള സ്‌കെയില്‍ പ്രകാരം ശമ്പള കുടിശിക കണക്കാക്കി മോണിട്ടറി ബെനഫിറ്റ്‌സ്, പ്രൊബേഷന്‍, ഇന്‍ക്രിമെന്റ്, അവധി ആനുകൂല്യങ്ങള്‍ എന്നിവ അവര്‍ക്ക് അനുവദിച്ചു നല്‍കണം.

4 . എയ്ഡഡ് സ്‌കൂളുകളിലെ നിയമാനുസൃത ഒഴിവുകളിലേക്ക് നടത്തപ്പെടുന്ന അംഗീകൃത യോഗ്യതയുള്ള അധ്യാപക - അനധ്യാപക നിയമനങ്ങള്‍ ഉദ്യോഗസ്ഥ അലംഭാവവും നടപടിക്രമങ്ങളിലെ നൂലാമാലകളും മൂലം റെഗുലറൈസ് ചെയ്യപ്പെടുന്നതിന് വരുന്ന കാലതാമസം അവസാനിപ്പിക്കണം

5. പ്രസ്തുത വിഷയങ്ങളില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നവര്‍ക്ക് മുഖ്യമന്ത്രി ഇടപെട്ട് നീതിപൂര്‍വമായ നിര്‍ദേശം നല്‍കണം.

ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ കണ്‍വീനര്‍ ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, സിനഡ് സെക്രട്ടറിയും കമ്മീഷന്‍ മെമ്പറുമായ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, സഭയുടെ ചാന്‍സിലര്‍ ഫാ. ഡോ. എബ്രാഹം കാവില്‍പുരയിടത്തില്‍, കമ്മീഷന്‍ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍ എന്നിവര്‍ പങ്കെടുത്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.