കത്തോലിക്കരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; അവകാശ സംരക്ഷണ പത്രിക പുറത്തിറക്കി കത്തോലിക്ക കോണ്‍ഗ്രസ്

കത്തോലിക്കരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; അവകാശ സംരക്ഷണ പത്രിക പുറത്തിറക്കി കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: അവകാശ സംരക്ഷണ പത്രിക പുറത്തിറക്കി കത്തോലിക്ക കോണ്‍ഗ്രസ്. സമുദായം എന്ന നിലയില്‍ ക്രൈസ്തവര്‍ക്ക് ഭരണാധികാരികളുടെ മുന്‍പില്‍ സ്വന്തം അവകാശങ്ങള്‍ എന്താണെന്ന് പ്രഖ്യാപിക്കേണ്ട അസാധാരണ സാഹചര്യം ഉടലെടുത്തതോടെയാണ് ഉറച്ച നിലപാടുകളോടെ എല്ലാവരെയും പ്രതിനിധീകരിച്ചുകൊണ്ട് കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണ പത്രിക പുറത്തിറക്കിയത്.

കാര്‍ഷിക മേഖലയിലെ തകര്‍ച്ച, വനം-വന്യജീവി-പരിസ്ഥിതി നിയമങ്ങള്‍ സൃഷ്ടിക്കുന്ന അനിശ്ചിതത്വം, വര്‍ധിച്ച തോതിലുള്ള ജനസംഖ്യാ ശോഷണം, സര്‍ക്കാര്‍ സര്‍വീസിലെ പ്രാതിനിധ്യക്കുറവ്, ഉന്നത വിദ്യാഭ്യാസ രംഗത്തെ പിന്നാക്കം പോകല്‍, രാഷ്ട്രീയമായ അനാഥത്വം, ക്രൈസ്തവരെ ലക്ഷ്യം വച്ചുള്ള വിവിധ അധിനിവേശ ശ്രമങ്ങള്‍, പീഡനങ്ങള്‍ എന്നിവ ഈ സമുദായത്തെ വല്ലാതെ ബാധിക്കുന്നെന്ന് കണ്ടതിനെ തുടർന്നാണ് അവകാശ സംരക്ഷണ പത്രിക പുറത്തിറക്കിയത്.

ക്രൈസ്തവരുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തപ്പെടുന്ന ഈ കാലഘട്ടത്തില്‍ പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. മത സ്വാതന്ത്ര്യം ഹനിക്കപ്പെടരുത്. നിര്‍ദ്ദേശക തത്വങ്ങള്‍ ഒരിക്കലും മൗലികാവകാശത്തിന് എതിരാവരുത് എന്ന് ഭരണഘടന തത്വം പാലിക്കപ്പെടണമെന്ന് സംഘടന ആവശ്യപ്പെടുന്നു.

അവകശ സംരക്ഷണ പത്രികയിലെ പ്രസക്ത ഭാ​ഗങ്ങൾ ചുവടെ

ക്രൈസ്തവ അവകാശ സംരക്ഷണ മെമ്മോറിയല്‍ 2K 25

1. രാജ്യത്തിന്റെ മതേതരത്വവും ഭരണഘടനയും സംരക്ഷിക്കുക.മതപരിവര്‍ത്തന നിയമ ദുരുപയോഗം തടയുക.

2. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന ക്രൈസ്തവ പീഡനങ്ങള്‍ അവസാനിപ്പിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുക.

3. പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് അവകാശപ്പെട്ട സംവരണ തത്വങ്ങള്‍ ഹനിക്കാതിരിക്കുക.

4.ദേശീയ തലത്തില്‍ ക്രൈസ്തവരെ സൂക്ഷ്മ ന്യൂനപക്ഷ (Micro Minority) മായി പ്രഖ്യാപിച്ച് പ്രത്യേക ഭരണഘടനാ സംരക്ഷണം ഉറപ്പാക്കുക. മൈക്രോ മൈനോരിറ്റി വിഭാഗത്തിന് പ്രത്യേകമായിട്ടുള്ള പരിഗണനയൂം സംരക്ഷണവും നീതിയും എല്ലാ മേഖലയിലും ലഭ്യമാക്കുക.

5. ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച ജെ. ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് എത്രയും വേഗം പ്രസിദ്ധീകരിച്ച് സഭകളുമായി ചര്‍ച്ചകള്‍ നടത്തി സമുദായത്തില്‍ നിലനില്‍ക്കുന്ന അദൃശ്യ ദാരിദ്ര്യ ത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ശുപാര്‍ശകള്‍ അടിയന്തരമായി നടപ്പിലാക്കുക.

6. 80:20 അനുപാതത്തിലുള്ള സ്‌കോളര്‍ഷിപ്പ് വിതരണത്തിനെതിരെ ഹൈക്കോടതി പുറപ്പെടുവിച്ച നീതിപൂര്‍വ്വമായ വിധി മറികടന്ന് നീതി നിഷേധിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീല്‍ പിന്‍വലിച്ച് നീതി ഉറപ്പുവരുത്തുക.ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളും ന്യൂനപക്ഷ സാമ്പത്തിക സഹായങ്ങളും ഹൈക്കോടതി വിധിക്കനുസൃതമായി ജനസംഖ്യാനുപാതികമായി തന്നെ വിതരണം ചെയ്യപ്പെടണം. വിദ്യാഭ്യാസ- ന്യൂനപക്ഷ വിഷയങ്ങളിലെ അവഗണന അവസാനിപ്പിക്കുക.

7. EWS സംവരണത്തിലെ സാമ്പത്തിക മാനദണ്ഡങ്ങള്‍ ഒബിസി സംവരണത്തിന് തുല്യമാക്കി നീതിപൂര്‍വ്വം പരിഷ്‌കരിക്കുക.ഭരണഘടന നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്ത സാമ്പത്തിക സംവരണം അടിസ്ഥാനതത്വമായി മാറ്റുക. മത - ജാതി സംവരണം അവസാനിപ്പിച്ച് എല്ലാ വിഭാഗങ്ങളിലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണാനുകൂല്യം ലഭ്യമാക്കുക.അര്‍ഹമായ EWS സര്‍ട്ടിഫിക്കറ്റുകള്‍ നിഷേധിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുക.

8. പരിസ്ഥിതി നിയമങ്ങളുടെ മറവിലുള്ള അപ്രഖ്യാപിത കുടിയിറക്ക് നീക്കങ്ങള്‍ അവസാനിപ്പിച്ച് ESA, ESZ,EFL ബഫര്‍സോണ്‍ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടെത്തുക. പരിസ്ഥിതി സംരക്ഷണത്തെ ജന സൗഹൃദമാക്കി മാറ്റുകയും,പരിസ്ഥിതി സംരക്ഷണത്തിന്റെ ഉത്തരവാദിത്വം എല്ലാ പഞ്ചായത്തുകളിലൂം നഗരങ്ങളിലൂം മുഴുവന്‍ ജനങ്ങളുടെയും സഹകരണത്തോടെ നടപ്പിലാക്കുക.

9. വന്യജീവി സംരക്ഷണ നിയമത്തിന്റെ മറവില്‍ കാടന്‍ നിയമങ്ങളും നിയന്ത്രണങ്ങളും ജനവാസ മേഖലയില്‍ അടിച്ചേല്‍പ്പിക്കു ന്നത് അവസാനിപ്പിക്കുക. വന്യജീവി സംരക്ഷണം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചു കൊണ്ട് വന്യജീവികളെ വനത്തില്‍ മാത്രം സംരക്ഷിക്കുക. എണ്ണത്തില്‍ പെരുകുന്ന വന്യ മൃഗങ്ങളെ നിയന്ത്രിത തോതില്‍ വേട്ട യാടുന്നതും കടുവ,ആന പോലെയുള്ള വലിയ മൃഗങ്ങളെ ശാസ്ത്രീയമായി പുനരധി വസിപ്പിക്കുന്നതും സാധ്യമാകുന്ന രീതിയില്‍ കേന്ദ്ര-സംസ്ഥാന വനം വന്യജീവി നിയമങ്ങള്‍ ഭേദഗതി ചെയ്യുക.വന്യജീവി നിയമങ്ങള്‍ പൊളിച്ച് എഴുതുക. വനത്തെ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് കൃത്യമായും വേര്‍തിരിച്ച് സംരക്ഷണ കവചം ഒരുക്കുക . തീവ്ര യജ്ഞത്തിലൂടെ കാട്ടുപന്നികളെ ഒരു മാസത്തിനുള്ളില്‍ റവന്യൂ ഭൂമിയില്‍ നിന്നും ഉന്മൂലനം ചെയ്യുക.

10. പട്ടയമടക്കം മതിയായ രേഖകള്‍ ഉള്ള റവന്യൂ ഭൂമി, സുപ്രീംകോടതി വിധി പോലും മറികടന്ന് പിടിച്ചെടുക്കാന്‍ വനംവകുപ്പിന് അധികാരം നല്‍കുന്ന 2023 ജൂലൈ-യില്‍ പാസാക്കിയ ഫോറസ്റ്റ് വെസ്റ്റിംഗ് ആന്‍ഡ് അസൈന്‍മെന്റ് ആക്ട് ഭേദഗതി നിയമം പിന്‍വലിക്കുക.വനം വകുപ്പിന്റെ കടന്നുകയറ്റം അവസാനിപ്പിക്കുക.

11. ഭൂപതിവ് ചട്ട ഭേദഗതിയിലെ അപാകതകള്‍ തിരുത്തുക.

12. സംസ്ഥാന ത്തിന്റെ കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തി കാര്‍ഷിക മേഖലയെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും കരകയറ്റുക. കാര്‍ഷിക ബജറ്റ് അടിയന്തരമായി കൊണ്ടുവരുക. കാര്‍ഷിക മേഖലയുടെ വന്‍ തളര്‍ച്ചയെ വളര്‍ച്ച ആക്കി മാറ്റുവാന്‍ അടിയന്തര തീവ്ര യജ്ഞ പരിപാടികള്‍ നടപ്പില്‍ വരുത്തുക.ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകര്‍ക്ക് മറ്റു രാജ്യങ്ങളിലേതു പോലെ വന്‍തോതില്‍ സബ്‌സിഡി ലഭ്യമാക്കുക.കര്‍ഷകന് അര്‍ഹതപ്പെട്ട വില നല്‍കിക്കൊണ്ട് ഉല്‍പ്പന്നങ്ങളുടെ വിപണന ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുക.

കാര്‍ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ചയില്‍ നിന്നും കര്‍ഷകരെ പരിരക്ഷിക്കുന്നതിന് വിലസംരക്ഷണ പദ്ധതി കള്‍ കാര്യക്ഷമമാക്കുക.
റബ്ബര്‍ വില 250 / നല്‍കുമെന്ന ഉറപ്പ് പാലിക്കുക.

നെല്ല് സംഭരണം, വില നക്കല്‍ എന്നിവയില്‍ സര്‍ക്കാര്‍ നടത്തുന്ന തെറ്റായ നടപടികള്‍ തിരുത്തുക. കര്‍ഷക ആല്മഹത്യകള്‍ ഉണ്ടാകുന്നത് തടയുക

13. മലയോരമേഖലയില്‍ നിന്നും നിയമങ്ങളുടെയും ടൂറിസത്തിന്റെയും മറവില്‍ കര്‍ഷകരെ കുടിയൊഴിപ്പിക്കാന്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കുക.

14. പാഠപുസ്തകങ്ങളില്‍ ചേര്‍ത്തിരിക്കുന്ന ക്രൈസ്തവ വിരു ദ്ധമായ ചരിത്ര അപനിര്‍മിതികള്‍ പിന്‍വലിക്കുക. ഭാരതത്തിനും കേരളത്തിനും ക്രൈസ്തവ സമൂഹം നല്‍കിയ വിലപ്പെട്ട സംഭാവനകളെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുക.മലബാര്‍ കുടിയേറ്റവും ഹൈറേഞ്ച് കുടിയേറ്റവും സൃഷ്ടിച്ച ചരിത്ര നേട്ടങ്ങളെ സ്‌കൂളുകളില്‍ പഠന വിഷയമാക്കുക. സംസ്ഥാന തലത്തില്‍ ഒരു കുടിയേറ്റ ചരിത്രത്തിന്റെ മ്യൂസിയം ഉണ്ടാക്കുക.

15. ക്രിസ്ത്യന്‍ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ് കോളേജുകളില്‍ സമുദായ അംഗ ങ്ങള്‍ക്ക് ലഭിക്കേണ്ട 20 ശതമാനം കമ്മ്യൂണിറ്റി ക്വാട്ട പുനഃസ്ഥാപിക്കുക. എയ്ഡഡ് സ്ഥാപനങ്ങളുടെ നിലനില്‍പ്പിനും പരിപോഷണത്തിനുമായി സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നല്‍കുന്നതുപോലെ ഗ്രാന്‍ഡുകള്‍ ഏര്‍പ്പെടുത്തുക.

16. ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ അധ്യാപക നിയമന അംഗീകാരം വൈകിപ്പിക്കുന്നത് അവസാനിപ്പിക്കുക.ഭിന്നശേഷി സംവരണപ്രകാരമുള്ള പോസ്റ്റുകളിലെ മാനേജ്മെന്റിനുള്ള നിയമന അധികാരം സര്‍ക്കാര്‍ കയ്യേറിയത് പിന്‍വലിക്കുക.

17. തെരുവു നായകളെ നിര്‍ബന്ധമായും നിരോധിക്കുകയും കാട്ടിലെ മൃഗങ്ങള്‍ക്ക് ആഹാരം ആക്കുകയും ചെയ്യണം.

18. തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും മയക്കുമരുന്ന് ദുരന്തത്തിന്റെയും വളര്‍ച്ചയെ തടയിടുവാന്‍ കര്‍ശന നിയമം നടപ്പിലാക്കി, വിധ്വംസക ശക്തികള്‍ക്കെതിരെ മത രാഷ്ട്രീയ സംവിധാനങ്ങള്‍ ഒന്നിക്കുന്ന സാഹചര്യമുണ്ടാക്കണം

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.