ജെറുസലേം: ഗാസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകിയതിനെ സ്വാഗതം ചെയ്ത് ജെറുസലേം ലാറ്റിൻ പാത്രിയാർക്കീസ്. തീരുമാനം ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണെന്ന് പാത്രിയാർക്ക് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല അറിയിച്ചു.
“ഇത് സന്തോഷ വാർത്തയാണ്. സമാധാനത്തിലേക്കുള്ള ആദ്യപടിയായി ഞങ്ങൾ ഇതിനെ കാണുന്നു. ഇതിലൂടെ ഇസ്രയേലികൾക്കും പാലസ്തീനികൾക്കും പുതിയ പ്രതീക്ഷയുടെ വാതിലുകൾ തുറക്കുന്നു. തീർച്ചയായും മുന്നോട്ട് നിരവധി ഘട്ടങ്ങൾ ഉണ്ടാകും, തടസങ്ങളും നേരിടേണ്ടി വരും. എങ്കിലും ഭാവിയിലേക്കുള്ള ആത്മവിശ്വാസം നല്കുന്ന സുപ്രധാന ചുവടുവയ്പാണിത്.” - കർദിനാൾ പറഞ്ഞു.
യുദ്ധാനന്തര പുനർനിർമാണത്തിന്റെ വഴിയിലേക്ക് കടക്കാനുള്ള തുടക്കമായി ഈ തീരുമാനം കാണുന്നതായും പാത്രിയാർക്ക് വ്യക്തമാക്കി. “ഇത് വെറും സമാധാന കരാറിന്റെ തുടക്കമല്ല, പുതിയതും വ്യത്യസ്തവുമായ ഒരു അധ്യായത്തിന്റെ ആരംഭമാണ്.”- കർദിനാൾ കൂട്ടിച്ചേർത്തു