വാഷിങ്ടണ്‍: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ വിമര്‍ശനവുമായി വൈറ്റ് ഹൗസ്. സമാധാനത്തിന് മുകളില്‍ രാഷ്ട്രീയം സ്ഥാപിക്കുന്നുവെന്ന് നൊബേല്‍ കമ്മിറ്റി ഒരിക്കല്‍ കൂടിതെളിയിച്ചിരിക്കുന്നു എന്നാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പുരസ്‌കാരം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് വിമര്‍ശനം.
'ട്രംപ് സമാധാന കരാറുകള്‍ ഉണ്ടാക്കുന്നതും യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതും ജീവന്‍ രക്ഷിക്കുന്നതും തുടരും. അദേഹത്തിന് മനുഷ്യ സ്‌നേഹിയുടെ ഹൃദയമുണ്ട്. തന്റെ ഇച്ഛാശക്തിയാല്‍ പര്‍വതങ്ങളെ പോലും ചലിപ്പിക്കാന്‍ കഴിയുന്ന അദേഹത്തെ പോലെ മറ്റാരും ഉണ്ടാകില്ല' - വൈറ്റ് ഹൗസ് വക്താവ് സ്റ്റീഫന്‍ ച്യൂങ് ട്വീറ്റ് ചെയ്തു.
തനിക്ക് നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ട്രംപ് രംഗത്തെത്തിയിരുന്നു. ലോകത്ത് എഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചത് താനാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ അവകാശവാദം. ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം അവസാനിപ്പിച്ചതും തന്റെ ഇടപെടലിലാണെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.
എന്നാല്‍ നൊബേല്‍ പുരസ്‌കാര പ്രപഖ്യാപനത്തെ കുറിച്ച് ട്രംപ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വെനസ്വേലയിലെ മനുഷ്യാവകാശ പ്രവര്‍ത്തക മരിയ കൊറിന മച്ചാഡോയ്ക്കാണ് 2025 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്.
ജനാധിപത്യ പോരാട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് മരീനയ്ക്ക് പുരസ്‌കാരം നല്‍കിയത്. നിലവില്‍ വെനസ്വേലയിലെ പ്രതിപക്ഷ നേതാവാണ് മരിയ കൊരീന മച്ചാഡോ. വെനിസ്വേലയുടെ ഉരുക്കു വനിത എന്നും അറിയപ്പെടുന്ന മച്ചാഡോ, ടൈം മാഗസിന്റെ '2025 ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ' പട്ടികയില്‍ ഇടം നേടിയിരുന്നു.