ചൈനീസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് 100 % തീരുവ പ്രഖ്യാപിച്ച് ട്രംപ്; നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

ചൈനീസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക്  100 % തീരുവ പ്രഖ്യാപിച്ച് ട്രംപ്; നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

വാഷിങ്ടണ്‍: ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചില സോഫ്റ്റ് വെയറുകള്‍ക്ക് കയറ്റുമതി നിയന്ത്രണവുമേര്‍പ്പെടുത്തും. നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് ട്രംപ് നേരത്തേ താരിഫ് വര്‍ധിപ്പിച്ചതോടെ ചൈന കയറ്റുമതി നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരുന്നു. കാറുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, മറ്റു പല ഉല്‍പന്നങ്ങള്‍ എന്നിവയ്ക്കുപയോഗിക്കുന്ന അപൂര്‍വ ലോഹങ്ങളുടെയും മറ്റു ചില പ്രധാന വസ്തുക്കളുടെയും ഉല്‍പാദനത്തില്‍ ചൈനയാണ് മുന്നില്‍.

ഇത്തരം വസ്തുക്കളെ ആശ്രയിക്കുന്ന പല അമേരിക്കന്‍ കമ്പനികളും ഇതോടെ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. വാഹന നിര്‍മാതാക്കളായ ഫോര്‍ഡിന് താല്‍കാലികമായി ഉല്‍പാദനം നിര്‍ത്തി വെയ്ക്കേണ്ടി വന്നു.

ചൈനയുടെ നടപടിയെ ട്രംപ് ശക്തമായി എതിര്‍ത്തു. ചൈന വളരെ ശത്രുതാപരമായി മാറുന്നു എന്നും ലോകത്തെ തടവിലാക്കാന്‍ ശ്രമിക്കുകയാണെന്നും അദേഹം ആരോപിച്ചു. പിന്നാലെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായുള്ള കൂടിക്കാഴ്ച റദ്ദാക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.

ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് നിലവില്‍ 30 ശതമാനം യു.എസ് തീരുവയുണ്ട്. ചൈനയുടെ മറുപടി തീരുവ നിലവില്‍ 10 ശതമാനമാണ്. ടിക്ടോക്ക്, കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങല്‍, അപൂര്‍വ ലോഹങ്ങളുടെയും അര്‍ദ്ധ ചാലകങ്ങള്‍ പോലുള്ള നൂതന സാങ്കേതിക വിദ്യയുടെയും വ്യാപാരം തുടങ്ങിയ വിഷയങ്ങളില്‍ ഉദ്യോഗസ്ഥര്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഈ മാസം ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനം വന്നതോടെ തുടര്‍ ചര്‍ച്ചകള്‍ വഴിമുട്ടുമോ എന്നാണ് സംശയം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.