ഗാസ സമാധാന കരാർ: ഹമാസ് ബന്ദിയാക്കിയ ബിപിൻ ജോഷിയുടെ മോചനം ഉണ്ടാകുമോ?; പ്രതീക്ഷയോടെ കുടുംബം

ഗാസ സമാധാന കരാർ: ഹമാസ് ബന്ദിയാക്കിയ ബിപിൻ ജോഷിയുടെ മോചനം ഉണ്ടാകുമോ?; പ്രതീക്ഷയോടെ കുടുംബം

കാഠ്മണ്ഡു: ഗാസ സമാധാന കരാർ പ്രാബല്യത്തിൽ വരുന്നതോടെ ബിപിൻ ജോഷി എന്ന യുവാവിൻ്റെ മോചനത്തിൽ പ്രതീക്ഷയുമായി കുടുംബം. 2023 ഒക്ടോബറിൽ ഹമാസ് ഇസ്രയേലിൽ കടന്നു കയറി നടത്തിയ ആക്രമണത്തിനിടെ 23കാരനായ നേപ്പാൾ വിദ്യാർഥിയായ ബിപിൻ ജോഷിയെ ഹമാസ് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇസ്രയേലിലെ ഒരു ഫാമിൽ ജോലി ചെയ്യുന്നതിനിടെയാണ് ബിപിനെ തട്ടിക്കൊണ്ട് പോയത്.

ഇസ്രയേലും ഹമാസും തമ്മിലുള്ള ഗാസ സമാധാന കരാർ പ്രാബല്യത്തിൽ വരുന്നതോടെ ബിപിൻ ജോഷിയുടെ മോചനത്തിൽ കുടുംബൻ്റെ പ്രതീക്ഷ വർധിച്ചു. യുവാവ് എവിടെയാണുള്ളതെന്ന കാര്യത്തിൽ കുടുംബത്തിന് വ്യക്തതയില്ല. സമീപകാലത്ത് പുറത്തുവന്ന ഒരു വീഡിയോ ദൃശ്യത്തിൽ യുവാവ് ഉൾപ്പെട്ടിരുന്നത് കുടുംബത്തിൻ്റെ ശുഭാപ്തിവിശ്വാസം ശക്തമാക്കി. ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് വീണ്ടെടുത്ത വീഡിയോ ദൃശ്യത്തിലാണ് ബിപിൻ ജോഷിയുടെ ദൃശ്യങ്ങൾ ഉണ്ടായിരുന്നത്.

പിടികൂടൽ കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷം റെക്കോർഡു ചെയ്‌തതായി കരുതപ്പെടുന്ന 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിൽ ബിപിൻ ജോഷി കാമറയിൽ നോക്കി സംസാരിക്കുന്നുണ്ട്. "എന്റെ പേര് ബിപിൻ ജോഷി. ഞാൻ നേപ്പാളിൽ നിന്നാണ്. എനിക്ക് 23 വയസായി, പഠനത്തിനൊപ്പം ചെലവിനുള്ള പണം സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവിടെ എത്തിയത്. ഒരു വിദ്യാർഥിയാണ് താൻ" - എന്ന് വീഡിയോയിൽ പറയുന്നുണ്ട്. ഇസ്രയേൽ സൈന്യം ഈ ദൃശ്യങ്ങൾ ബിപിൻ ജോഷിയുടെ കുടുംബത്തിന് കൈമാറിയിരുന്നു.

ഏകദേശം 47 ബന്ദികൾ ഹമാസിന്റെ തടവിൽ തുടരുന്നുണ്ടെന്നാണ് ഇസ്രായേൽ വ്യക്തമാക്കുന്നത്. കുറഞ്ഞത് 20 പേരെങ്കിലും ജീവിച്ചിരിപ്പുണ്ടെന്ന നിഗമനമാണുള്ളത്. 2023ൽ തെക്കൻ ഇസ്രയേലിൽ ഹമാസിന്റെ ആക്രമണത്തിനിടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 250ലധികം പേരെ തട്ടിക്കൊണ്ടുപോയി. ആക്രമണത്തിന് മൂന്നാഴ്ച മുമ്പ് ഇസ്രായേലിൽ എത്തിയ 17 നേപ്പാളി വിദ്യാർഥികളുടെ സംഘത്തിൽ ബിപിൻ ജോഷിയും ഉണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന നിരവധിയാളുകളെ ഹമാസ് വധിച്ചിരുന്നു.

ബിപിൻ ജോഷിയുടെ മോചനത്തിനായി അദേഹത്തിന്റെ കുടുംബം നേപ്പാൾ സർക്കാരിനോടും ഇസ്രയേലിനോടും അന്താരാഷ്ട്ര സംഘടനകളോടും സഹായം അഭ്യർഥിച്ചിരുന്നു. വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ യുവാവ് ജീവിച്ചിരിപ്പുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് കുടുംബം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.