ഇസ്ലമാബാദ്: പാകിസ്ഥാനിലുണ്ടായ വിവിധ ഭീകരാക്രമണങ്ങളില്‍ 20 സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് സാധാരണക്കാരും ഉള്‍പ്പെടെ 23 പേര്‍ കൊല്ലപ്പെട്ടു.
അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ ഖൈബര്‍ പഖ്തൂന്‍ഖ്വാ പ്രവിശ്യയിലെ വിവിധ ജില്ലകളിലാണ് ആക്രമണമുണ്ടായത്. ആക്രമണങ്ങളുടെ ഉത്തരവാദിത്വം പാകിസ്ഥാനി താലിബാന്‍ (തെഹ്രീകെ താലിബാന്‍) ഏറ്റെടുത്തു.
ദേരാ ഇസ്മയില്‍ ഖാന്‍ ജില്ലയിലെ പോലീസ് ട്രെയിനിങ് സ്‌കൂളിന് നേരേയുണ്ടായ ചാവേര്‍ ആക്രമണത്തിലും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലും ഏഴ് പൊലീസുകാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 13 പൊലീസുകാര്‍ക്ക് പരിക്കേറ്റു.
ആറ് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു. ട്രെയിനിങ് സെന്ററിലുണ്ടായിരുന്ന ട്രെയിനി പൊലീസുകാരെയും ജീവനക്കാരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും അധികൃതര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് പൊലീസ് ട്രെയിനിങ് സ്‌കൂളിന് നേരേ ചാവേര്‍ ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ നിറച്ച ട്രക്കുമായെത്തിയ ഭീകരര്‍ പ്രധാന ഗേറ്റ് ഇടിച്ചു തകര്‍ത്ത് അകത്തേക്ക് കടക്കുകയായിരുന്നു. ഇതിനു പിന്നാലെ വന്‍ സ്ഫോടനമുണ്ടായി.
തുടര്‍ന്ന് ഭീകരര്‍ പൊലീസ് ട്രെയിനിങ് സ്‌കൂളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരേ വെടിയുതിര്‍ത്തു. പൊലീസും തിരിച്ചടിച്ചു. അഞ്ച് മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ നീണ്ടതായാണ് വിവരം. തുടര്‍ന്നാണ് അഞ്ച് ഭീകരരെ വധിച്ചതെന്ന് പാക് പൊലീസ് പറഞ്ഞു. പൊലീസിന് പുറമേ എസ്എസ്ജി കമാന്‍ഡോകളും അല്‍-ബുര്‍ഖ സേനയും ഓപ്പറേഷനില്‍ പങ്കാളികളായിരുന്നു.
ഖൈബര്‍ ജില്ലയിലെ അതിര്‍ത്തിയിലുണ്ടായ ഭീകരാക്രമണത്തില്‍ 11 അര്‍ധ സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ബജൗര്‍ ജില്ലയിലെ സംഘര്‍ഷത്തിലാണ് മൂന്ന് സാധാരണക്കാരടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടത്.
ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത പാകിസ്ഥാനി താലിബാന്‍ അഫ്ഗാനിലെ താലിബാനില്‍ നിന്ന് വേറിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. അതേസമയം, അഫ്ഗാനിലെ താലിബാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരുമാണ് ഇവര്‍.
കഴിഞ്ഞ ദിവസം കാബൂളിലുണ്ടായ സ്ഫോടനങ്ങളില്‍ താലിബാന്‍ ഭരണകൂടം പാകിസ്ഥാനെ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്ഥാന്റെ അതിര്‍ത്തിമേഖലകളില്‍ ആക്രമണപരമ്പര അരങ്ങേറിയത്.