മിസിസിപ്പിയിലെ സ്‌കൂളില്‍ വെടിവെപ്പ്: നാല് മരണം, 12 പേര്‍ക്ക് പരിക്ക്; സംഭവം ഹോംകമിംഗ് വാരാഘോഷത്തിനിടെ

മിസിസിപ്പിയിലെ സ്‌കൂളില്‍ വെടിവെപ്പ്: നാല് മരണം, 12 പേര്‍ക്ക് പരിക്ക്; സംഭവം ഹോംകമിംഗ് വാരാഘോഷത്തിനിടെ

വാഷിങ്ടണ്‍: മിസിസിപ്പിയിലെ ലീലാന്‍ഡില്‍ സ്‌കൂള്‍ കാമ്പസില്‍ നടന്ന വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അവരുടെ നിലയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ഇരകളുടെ പേരുവിവരങ്ങള്‍ അവരുടെ കുടുംബങ്ങളെ അറിയിക്കുന്നതുവരെ പുറത്തുവിടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

നഗരത്തിന്റെ പ്രധാന തെരുവില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. ലീലാന്‍ഡ് ഹൈസ്‌കൂളിന്റെ ഹോംകമിംഗ് വാരാഘോഷത്തിനിടെയാണ് സംഭവം. ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല.

വെടിവെപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ 18 വയസുകാരനെ പൊലീസ് തിരയുന്നുണ്ടെന്ന് സൂചനയുണ്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തെക്കുറിച്ച് അറിയാവുന്ന വിവരങ്ങള്‍ കൈമാറാന്‍ അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

നീതി നടപ്പാക്കപ്പെടുമെന്നും അക്രമികള്‍ ആരായാലും പിടികൂടുമെന്നും ലീലാന്‍ഡ് മേയര്‍ ജോണ്‍ ലീ പറഞ്ഞു. ‘മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ ഞങ്ങളുടെ പ്രാര്‍ത്ഥനകളും അനുശോചനങ്ങളും അറിയിക്കുന്നു,’ അദേഹം ദുഖം പങ്കുവെച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.