ആദ്യം ജലപീരങ്കി പ്രയോഗിച്ചു; പിന്നാലെ തങ്ങളുടെ കപ്പലിലേക്ക് ചൈനീസ് കപ്പല്‍ ഇടിച്ചു കയറ്റി: ഗുരുതര ആരോപണവുമായി ഫിലിപ്പീന്‍സ്

ആദ്യം ജലപീരങ്കി പ്രയോഗിച്ചു; പിന്നാലെ തങ്ങളുടെ കപ്പലിലേക്ക് ചൈനീസ് കപ്പല്‍ ഇടിച്ചു കയറ്റി: ഗുരുതര ആരോപണവുമായി  ഫിലിപ്പീന്‍സ്

മനില: ചൈനയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഫിലിപ്പീന്‍സ്. ദക്ഷിണ ചൈനാക്കടലില്‍ നങ്കൂരമിട്ടിരുന്ന തങ്ങളുടെ കപ്പലിലേക്ക് ചൈനീസ് കപ്പല്‍ മനപൂര്‍വം ഇടിപ്പിച്ചുവെന്നാണ് ഫിലിപ്പീന്‍സിന്റെ ആരോപണം.

ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന ദക്ഷിണ ചൈനാക്കടലിലെ തിടു ദ്വീപിനരികെയായിരുന്നു ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ കപ്പലുണ്ടായിരുന്നത്. ചൈനീസ് നാവിക സേനാംഗങ്ങള്‍ ജലപീരങ്കി പ്രയോഗിക്കുകയും ചൈനയുടെ കപ്പല്‍ തങ്ങളുടെ കപ്പലിലേക്ക് ഇടിച്ചു കയറ്റുകയുമായിരുന്നെന്നാണ് ഫിലിപ്പീന്‍സ് പറയുന്നത്.

ഇത് ചൈനയില്‍ നിന്നുള്ള വ്യക്തമായ ഭീഷണിയാണ് എന്നാണ് ഫിലിപ്പീന്‍സ് പറയുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിആര്‍പി ദതു പഗ്ബുവായ ഉള്‍പ്പെടെ മൂന്ന് കപ്പലുകളാണ് ഫിലിപ്പീന്‍സിന്റെ നിയന്ത്രണത്തിലുള്ള ദ്വീപിനരികില്‍ നങ്കൂരമിട്ടിരുന്നതെന്ന് ഫിലിപ്പീന്‍സ് കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു.

പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഇത്. ഈ സമയം അവിടെത്തിയ ചൈനീസ് കപ്പല്‍ ഫിലിപ്പീന്‍സ് കപ്പലിന് നേരെ ജലപീരങ്കി പ്രയോഗിച്ചു. മൂന്ന് മിനിറ്റിനു ശേഷം ചൈനീസ് കപ്പല്‍ ഫിലിപ്പീന്‍സ് കപ്പലിലേക്ക് ഇടിപ്പിക്കുകയായിരുന്നു. കപ്പലിന് സാരമായ കേടുപാടുകളുണ്ടായെങ്കിലും ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

അതേസമയം കൂട്ടിയിടിയുടെ പൂര്‍ണ ഉത്തരവാദിത്വം ഫിലിപ്പീന്‍സിനാണെന്നാണ് ചൈന പറയുന്നത്. ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ രണ്ട് കപ്പലുകള്‍ മേഖലയിലേക്ക് അനധികൃതമായി പ്രവേശിക്കുകയും ചൈനയുടെ കോസ്റ്റ് ഗാര്‍ഡ് കപ്പലിനെ അപകടകരമായ വിധത്തില്‍ സമീപിക്കുകയും ചെയ്തതാണ് ഇടിയില്‍ കലാശിച്ചതെന്ന് ചൈനീസ് കോസ്റ്റ്ഗാര്‍ഡ് പറഞ്ഞു.

അതേസമയം കുറച്ചു വര്‍ഷങ്ങളായി ചൈനീസ്, ഫിലിപ്പീന്‍സ് കപ്പലുകള്‍ തമ്മില്‍ ഇത്തരം ഏറ്റുമുട്ടലുകള്‍ വര്‍ധിച്ചു വരികയാണ്. ആഗോള വ്യാപാര പാതയില്‍ ഏറെ നിര്‍ണായകമായ ദക്ഷിണ ചൈനാക്കടലിന്റെ ഏറെക്കുറേ മുഴുവന്‍ ഭാഗവും തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം.

എന്നാല്‍ ചൈനയുടെ അവകാശവാദങ്ങള്‍, പ്രത്യേകിച്ച് അവിടുത്തെ വിഭവങ്ങളുമായി ബന്ധപ്പെട്ടുള്ളവയ്ക്ക് സാധുതയില്ലെന്ന് 2016 ല്‍ ഹേഗിലെ അന്ത്രാരാഷ്ട്ര നീതിന്യായ കോടതി പ്രഖ്യാപിച്ചിരുന്നു. വിഷയത്തില്‍ ഫിലിപ്പീന്‍സിന്റെ നിര്‍ണായക വിജയമായിരുന്നു ഈ വിധിയെങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോഴും തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.