ഒ.ജെ. ജനീഷ്, ബിനു ചുള്ളിയില്‍.
തിരുവനന്തപുരം: ആഴ്ചകള്‍ നീണ്ട അനശ്ചിതത്വങ്ങള്‍ക്കൊടുവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി ഒ.ജെ. ജനീഷിനെ പ്രഖ്യാപിച്ചു. 2013 മുതല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ ബിനു ചുള്ളിയിലിനെ വര്‍ക്കിങ് പ്രസിഡന്റായും തിരഞ്ഞെടുത്തു.
അബിന്‍ വര്‍ക്കി, കെ.എം. അഭിജിത്ത് എന്നിവരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. മഹിപാല്‍ ഗധാവി, സദഫ് ഖാന്‍, ലില്ലി ശ്രിവാസ് എന്നിവരും ദേശീയ സെക്രട്ടറിമാരാണ്. കരണ്‍ ചൗരസ്യയാണ് ജോയിന്റ് സെക്രട്ടറി.
അശ്ലീല ഫോണ്‍ സംഭാഷണ വിവാദത്തില്‍പ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷ സ്ഥാനം രാജി വെച്ചതിനാലാണ് പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ടി വന്നത്. തൃശൂര്‍ സ്വദേശിയായ ജനീഷ് ജില്ലയില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വച്ചതോടെ അധ്യക്ഷ പദവിയിലേക്ക് പറഞ്ഞു കേട്ട പേരുകളില്‍ ഒന്നായിരുന്നു ജനീഷിന്റേത്. വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയുടെ പേരാണ് കൂടുതല്‍ ഉയര്‍ന്നു കേട്ടിരുന്നതെങ്കിലും സാമുദായിക സന്തുലനം തടസമായി.
കെപിസിസി പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും കെ.എസ്.യു പ്രസിഡന്റും ന്യൂനപക്ഷ സമുദായക്കാരാണെന്നതാണ് അബിന്റെ സാധ്യത കുറച്ചത്. ഇതോടെയാണ് ഒ.ജെ. ജനീഷിന് നറുക്കു വീണത്. കെ.സി. വേണുഗോപാലിനോട് അടുത്തു നില്‍ക്കുന്ന യുവ നേതാവാണ് ജനീഷ്.