മകനെതിരായ ആരോപണം നനഞ്ഞ പടക്കം; മക്കളില്‍ അഭിമാനമെന്നും പിണറായി.
തിരുവനന്തപുരം: നവകേരള വികസന പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ സര്‍വ്വേ നടത്താനായി വീടുകളില്‍ എത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജനാധിപത്യത്തിന്റെ ഒരു പുതിയ മാതൃക ലോകത്ത് മുന്നില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പാണ് നടന്നു വരുന്നത്. ജനങ്ങളുടെ ആവശ്യവും അനിവാര്യതയും പ്രതിസന്ധിയും സ്വപ്നങ്ങളും ആഴത്തില്‍ മനസിലാക്കി സമൂഹത്തിലെ ഓരോരുത്തരുടെയും പങ്കാളിത്തം ഉറപ്പുവരുത്തേണ്ട പ്രവര്‍ത്തനമാണ് നാടിന്റെ വികസനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളുമായി നിരന്തരം സംവദിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇനിയും ക്രിയാത്മക ഇടപെടല്‍ ഉണ്ടാകും. സമഗ്രമായ പഠന പരിപാടിക്ക് സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സൂക്ഷ്മമായി കേള്‍ക്കുമെന്നും വിശദമായ റിപ്പോര്‍ട്ടും മാര്‍ഗ രേഖയും തയ്യാറാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകര്‍ വീടുതോറുമെത്തി വിവര ശേഖരണം നടത്തും. വിവരങ്ങള്‍ ക്രോഡീകരിച്ചുള്ള റിപ്പോര്‍ട്ട് ശുപാര്‍ശ സഹിതം സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മകന്‍ വിവേകിന് ഇഡിയുടെ സമന്‍സ് ലഭിച്ചെന്ന മാധ്യമ വാര്‍ത്തകളോടും പിണറായി വിജയന്‍ പ്രതികരിച്ചു. തനിക്ക് ദുഷ്പേരുണ്ടാക്കുന്ന രീതിയില്‍ മക്കളാരും പ്രവര്‍ത്തിച്ചിട്ടില്ലെന്നും മകനോ തനിക്കോ ആര്‍ക്കും ഇ.ഡിയുടെ സമന്‍സ് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ഞാന്‍ എന്റെ പൊതുജീവിതം കളങ്കരഹിതമായി കൊണ്ടുപോകാനാണ് ശ്രമിച്ചിട്ടുള്ളത്. എനിക്ക് അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യം, എന്റെ കുടുംബം പൂര്‍ണമായും അതിനോടൊപ്പം നിന്നു എന്നതാണ്. എന്റെ മക്കള്‍ രണ്ടുപേരും അതേനില സ്വീകരിച്ചു പോയിട്ടുണ്ട്.
നിങ്ങളില്‍ എത്രപേര്‍ എന്റെ മകനെ കണ്ടിട്ടുണ്ട്? അവന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മകനാണല്ലോ. അധികാരത്തിന്റെ ഇടനാഴികളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിമാരുടെ മക്കളെ കണ്ടവരാണല്ലോ നിങ്ങള്‍. എവിടെയെങ്കിലും കണ്ടോ എന്റെ മകനെ? ഏതെങ്കിലും സ്ഥലത്തു കണ്ടോ?' പിണറായി ചോദിച്ചു.
ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ട് എന്നുപോലും അവന് അറിയുമോയെന്ന് സംശയമാണ്. അതാണ് എന്റെ മകന്റെ പ്രത്യേകത. ഏത് അച്ഛനും ഒരു മകനെക്കുറിച്ച് അഭിമാന ബോധമുണ്ടാകും. എന്റെ അഭിമാനബോധം പ്രത്യേക തരത്തിലാണ്. ഒരു ദുഷ്പേരും എനിക്കുണ്ടാക്കുന്ന രീതിയില്‍ എന്റെ മക്കള്‍ ആരും പ്രവര്‍ത്തിച്ചിട്ടില്ല.
മകള്‍ക്ക് നേരേ പലതും ഉയര്‍ത്തിക്കൊണ്ടുവരാന്‍ നോക്കിയപ്പോള്‍ അന്ന് ഞാനതിനെ ചിരിച്ചുകൊണ്ട് നേരിട്ടില്ലേ. അത് ഏശുന്നില്ല എന്ന് കണ്ടപ്പോള്‍, മര്യാദയ്ക്ക് ജോലിചെയ്ത് അവിടെ കഴിയുന്ന ഒരാളെ, ഇവിടെ ആരാണെന്ന് പോലും പലര്‍ക്കും അറിയാത്ത ഒരാളെ, പിണറായി വിജയന് ഇങ്ങനെയൊരു മകനുണ്ട് എന്ന് ചിത്രീകരിച്ച് അയാളെ വിവാദത്തില്‍ ഉള്‍പ്പെടുത്താന്‍ നോക്കുകയാണ്. അതുകൊണ്ട് വിവാദമാകുമോ. അത് എന്നെ ബാധിക്കുമോ. മകനെ ബാധിക്കുമോ.
ആ ചെറുപ്പക്കാരന്‍ മര്യാദയ്ക്കൊരു ജോലിയിലാണ് പ്രവര്‍ത്തിക്കുന്നത്. അയാളുടെ പൊതുരീതി ജോലി പിന്നെ വീട് എന്നതാണ്. ഒരു പൊതു പ്രവര്‍ത്തന രംഗത്തും അയാളില്ല. തെറ്റായ ഒരു കാര്യത്തിനും ഇതേവരെ അയാള്‍ പോയിട്ടില്ല. ഒരു ദുഷ്പേരും എനിക്കുണ്ടാക്കിയിട്ടില്ല. ഞാന്‍ അതില്‍ അഭിമാനിക്കുകയാണ്. നല്ല അഭിമാനം എനിക്കുണ്ട്. ഇതൊക്കെ ഉയര്‍ത്തിക്കാട്ടി എന്നെ പ്രയാസപ്പെടുത്തി കളയാം എന്ന് തെറ്റിദ്ധരിക്കേണ്ട.
പിന്നെ എവിടെയാണ് ഈ ഏജന്‍സിയുടെ സമന്‍സ് കൊടുത്തത്. ആരുടെ കൈയിലാണ് കൊടുത്തത്. ആര്‍ക്കാണ് അയച്ചത്. മുഖ്യമന്ത്രി എന്താണ് പ്രതികരിക്കേണ്ടത്. നിങ്ങള്‍ ഒരുകടലാസ് അയച്ചു, അതിങ്ങിട്ട് താ എന്ന് ഞാന്‍ പറയണോ. ഇവിടെ തെറ്റായ ചിത്രം വരച്ചുകാട്ടാന്‍ ശ്രമിക്കുകയാണ്. എന്നെ മറ്റൊരു തരത്തില്‍ കാണിക്കണം. സമൂഹത്തിന്റെ മുന്നില്‍ കളങ്കിതനാക്കി ചിത്രീകരിക്കാന്‍ പറ്റുമോ എന്ന് നോക്കണം. അങ്ങനെ ചിത്രീകരിക്കാന്‍ നോക്കിയാല്‍ കളങ്കിതനാകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.