വിശുദ്ധ മറിയം ത്രേസ്യാ സീറോ മലബാര്‍ മിഷനില്‍ തിയോളജി ഡിപ്ലോമ ബിരുദധാരികളെ ആദരിച്ചു

 വിശുദ്ധ മറിയം ത്രേസ്യാ സീറോ മലബാര്‍ മിഷനില്‍ തിയോളജി ഡിപ്ലോമ ബിരുദധാരികളെ ആദരിച്ചു

ഫ്രിസ്‌കോ: നോര്‍ത്ത് ഡാളസിലെ വിശുദ്ധ മറിയം ത്രേസ്യാ സീറോ മലബാര്‍ മിഷനില്‍ തിയോളജി ഡിപ്ലോമ ബിരുദധാരികളെ ആദരിച്ചു. മിഷനില്‍ നിന്നുള്ള കിരണ്‍ ജോര്‍ജ്, ഷീന അന്ന ജോണ്‍ എന്നിവരാണ് രണ്ട് വര്‍ഷത്തെ ദൈവശാസ്ത്ര പഠനത്തില്‍ ഡിപ്ലോമ നേടിയ ബിരുദധാരികള്‍.

ഇരുവരും മിഷനിലെ സജീവ ശുശ്രൂഷകരും മതബോധന അധ്യാപകരുമാണ്. കോട്ടയം വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്റെ കീഴില്‍ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ തീയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പഠന സൗകര്യം ഒരുക്കിയത്.

മിഷനില്‍ വിശുദ്ധ കുര്‍ബാനക്ക് ശേഷം നടന്ന അനുമോദന ചടങ്ങില്‍, ബിഷപ്പ് എമരിറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, മിഷന്‍ ഡയറക്ടര്‍ ഫാ. ജിമ്മി എടക്കുളത്തൂര്‍ കുര്യന്‍ എന്നിവര്‍ ബിരുദധാരികളെ അനുമോദിക്കുകയും ഡിപ്ലോമ സമ്മാനിക്കുകയും ചെയ്തു.


ദൈവത്തെയും, സഭയുടെ പാരമ്പര്യത്തെയും, വിശ്വാസസത്യങ്ങളെയും കുറിച്ച് ആഴത്തിലുള്ള അറിവ് നേടുന്നതിലൂടെ, വിശ്വാസ ജീവിതം കൂടുതല്‍ അര്‍ത്ഥ പൂര്‍ണവും ഫലദായകവുമാക്കാന്‍ ദൈവ ശാസ്ത്ര പഠനം സഹായിക്കും. അതിനാല്‍ കൂടുതല്‍ വിശ്വാസികള്‍ ഇത്തരം പഠനത്തിനായി മുന്നോട്ട് വരണമെന്ന് ഫാ. ജിമ്മി എടക്കുളത്തൂര്‍ കുര്യന്‍ മിഷന്‍ അംഗങ്ങളോട് ആഹ്വാനം ചെയ്തു.

അല്‍മായര്‍ക്ക് വേണ്ടി ദൈവശാസ്ത്ര പഠനത്തിന് സൗകര്യം ഒരുക്കിയ ചിക്കാഗോ രൂപതയേയും വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തെയും മിഷന്‍ ഡയറക്ടര്‍ അഭിനന്ദിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.