ഇറാഖിൽ ക്രൈസ്തവർക്ക് പ്രത്യാശയുടെ പുതുവെളിച്ചം; മൊസൂളിലെ അൽ-താഹിറ ദേവാലയം പുനപ്രതിഷ്ഠിച്ചു

ഇറാഖിൽ ക്രൈസ്തവർക്ക് പ്രത്യാശയുടെ പുതുവെളിച്ചം; മൊസൂളിലെ അൽ-താഹിറ ദേവാലയം പുനപ്രതിഷ്ഠിച്ചു

മൊസൂൾ: ഇറാഖിലെ ക്രിസ്ത്യാനികൾക്കായി പ്രത്യാശയുടെ പുതിയ അധ്യായം തുറന്ന് കൊണ്ട് ചരിത്ര പ്രസിദ്ധമായ അൽ-താഹിറ ദേവാലയം പുനപ്രതിഷ്ഠിക്കപ്പെട്ടു. മുസ്ലീങ്ങൾ ഭൂരിപക്ഷമുള്ള ഇറാഖിൽ വിശ്വാസ ജീവിതം വലിയ വെല്ലുവിളികൾ നേരിടുമ്പോഴും ഇത് വലിയൊരു ദൗത്യമാണ് എന്ന് ഇറാഖിലെ കൽദായ സഭയുടെ പാത്രിയാർക്ക് ലൂയിസ് റാഫേൽ സാക്കോ പറഞ്ഞു.

“2014 ൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നശിപ്പിച്ച ​ദേവാലയം മൊസൂളിനെ അവരുടെ പിടിയിൽ നിന്ന് മോചിപ്പിക്കുന്നതിനായി നടന്ന വർഷങ്ങൾ നീണ്ട യുദ്ധത്തിൽ ഗുരുതരമായ നാശനഷ്ടങ്ങൾ നേരിട്ടിരുന്നു. സാധാരണ വിശ്വാസികളുടെ സമർപ്പണവും അധ്വാനവുമാണ് പുനർനിർമ്മിതിക്ക് പിന്നിൽ. ജനങ്ങൾ ഏറെ പരിശ്രമിച്ചു, ഇപ്പോൾ അവർ ക്ഷീണിതരായിരിക്കുന്നു“- പാത്രിയാർക്ക് പറഞ്ഞു.

ഒരിക്കൽ ദശലക്ഷക്കണക്കിന് ക്രിസ്ത്യാനികൾ നിലനിന്നിരുന്ന ഇറാഖിൽ ഇപ്പോൾ വെറും രണ്ടുലക്ഷം വിശ്വാസികൾ മാത്രമാണുള്ളത്. എങ്കിലും ഇറാഖിലെ ക്രിസ്ത്യാനികൾ ഒരിക്കലും വിശ്വാസം കൈവിട്ടിട്ടില്ല, കാരണം പ്രത്യാശയാണ് അവരുടെ അടിസ്ഥാന ശക്തി എന്ന് അദേഹം വ്യക്തമാക്കി.

പുനപ്രതിഷ്ഠയും ദിവ്യബലിയും ആത്മാവിന്റെ നവീകരണത്തിന്റെ പ്രതീകമാണ് എന്നും വിശ്വാസം എല്ലാം പുതുക്കാനുള്ള ദൈവത്തിന്റെ ആഹ്വാനമാണ് എന്നും പാത്രിയാർക്ക് കൂട്ടിച്ചേർത്തു. കൽദായ ശൈലിയിലുള്ള കുരിശുകൾ പാശ്ചാത്യ ശൈലികളിൽ നിന്നു വ്യത്യസ്തമാണ്. അവയിൽ യേശുവിന്റെ ശരീരം ചിത്രീകരിക്കാതിരിക്കുന്നു. ഇത് യേശു ഉയിർത്തെഴുന്നേറ്റുവെന്ന പ്രത്യാശയുടെ അടയാളമാണെന്ന് പാത്രിയാർക്ക് പറഞ്ഞു.

ഐഎസിൽ നിന്ന് മോചിതമായി എട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും മൊസൂളിൽ ഇപ്പോൾ വളരെ കുറച്ച് ക്രിസ്ത്യാനികൾ മാത്രമേ താമസിക്കുന്നുള്ളൂ. അതിനാൽ പുനസമർപ്പണ ചടങ്ങിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും പരിസര ക്രിസ്ത്യൻ ഗ്രാമങ്ങളിൽ നിന്നെത്തിയവരാണ്.

ഇപ്പോൾ സാഹചര്യം മുമ്പത്തേക്കാൾ മെച്ചപ്പെട്ടിരിക്കുന്നു. പക്ഷേ രാഷ്ട്രീയ അവസ്ഥ എങ്ങനെ മാറുമെന്ന് പറയാനാവില്ല. ദൈവം അനുഗ്രഹിച്ചാൽ നമുക്ക് ഇവിടെ തുടർന്നു നിൽക്കാൻ കഴിയും എന്നും പാത്രിയാർക്ക് സാക്കോ പ്രത്യാശയോടെ കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.