പാരിസ്: പാരിസിലെ ലോക പ്രശസ്ത ലൂവ്രെ മ്യൂസിയത്തില്‍ മോഷണം. ഫ്രഞ്ച് സാംസ്‌കാരിക മന്ത്രാലയമാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യമറിയിച്ചത്. നെപ്പോളിയന്റെയും ചക്രവര്‍ത്തിനിയുടെയും ആഭരണ ശേഖരത്തില്‍ നിന്നുള്ള ഒമ്പത് വസ്തുക്കളാണ് മോഷണം പോയത്. ഇതേ തുടര്‍ന്ന് ഞായറാഴ്ച മ്യൂസിയം പൂര്‍ണമായും അടച്ചു.
'അസാധാരണമായ കാരണങ്ങളാല്‍' ലൂവ്രെ മ്യൂസിയം അടച്ചിടുകയാണെന്നാണ് അധികൃതര്‍ ആദ്യം അറിയിച്ചത്. പിന്നീട് ഫ്രഞ്ച് സാംസ്‌കാരിക മന്ത്രി റാഷിദ ദാത്തിയാണ് മോഷണ വിവരം സ്ഥിരീകരിച്ചത്. മ്യൂസിയം തുറന്നപ്പോള്‍ കവര്‍ച്ച നടന്നതായി അറിഞ്ഞുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

സെന്‍ നദിയുടെ വശത്തു കൂടിയാണ് കവര്‍ച്ചക്കാര്‍ മ്യൂസിയത്തിനുള്ളില്‍ പ്രവേശിച്ച് ഒരു ഗുഡ്‌സ് ലിഫ്റ്റ് വഴി പ്രധാന മുറിയിലെത്തിയാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത ശേഷം ആഭരണങ്ങളുമായി കടന്നു കളയുകയായിരുന്നുവെന്ന് പൊലീസ്, മ്യൂസിയം വൃത്തങ്ങളെ ഉദ്ധരിച്ച് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിലാണ് നെപ്പോളിയന്റെ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. മോഷ്ടാക്കളെ പിടികൂടുന്നതിനായി ഊര്‍ജിത അന്വേഷണം നടന്നു വരികയാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ലോകത്ത് ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നായ ലൂവ്രെയില്‍ മോണാലിസ, വീനസ് ഡി മൈലോ എന്നിവയുള്‍പ്പെടെ അമൂല്യമായ നിരവധി കലാ സൃഷ്ടികളും ആഭരണങ്ങളുമുണ്ട്.