വാഷിങ്ടൺ: റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ പൂർണമായി അവസാനിപ്പിച്ചെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇക്കാര്യം നരേന്ദ്ര മോഡി തനിക്ക് ഉറപ്പു നല്‍കിയെന്നും ട്രംപ് അറിയിച്ചു. അതേസമയം റഷ്യയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ തീരുവ നടപടി തുടരുമെന്നും ട്രംപ് ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി.
ഞാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് സംസാരിച്ചിരുന്നു. റഷ്യയുടെ എണ്ണ വാങ്ങില്ലെന്ന് അദേഹം എന്നോട് സമ്മതിച്ചു. ഈ വിഷയത്തിൽ ട്രംപ് നേരത്തെ ഉയർത്തിയ വാദങ്ങൾ ഇന്ത്യ തള്ളിയിരുന്നു.
ഊർജ രംഗത്ത് റഷ്യയുമായി കൂടുതൽ സഹകരണത്തിലേക്ക് ഇന്ത്യ നീങ്ങുന്നത് യുഎസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഉക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന തരത്തിൽ അവർക്ക് വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നതിൽ ഇന്ത്യക്ക് പങ്കുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം.
2022ലെ ഉക്രെയ്ൻ അധിനിവേശത്തിന് പാശ്ചാത്യ രാജ്യങ്ങൾ മോസ്കോയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഒഴിവാക്കുകയും ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. സാഹചര്യം ഫലപ്രദമായി മുതലെടുത്ത് കുറഞ്ഞ വിലയ്ക്ക് ഏറ്റവും കൂടുതൽ അളവിൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറിയിരുന്നു.