മുംബൈ: നവി മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മലയാളികളടക്കം നാല് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. മരണപ്പെട്ടവരില്‍ ആറ് വയസുകാരിയായ പെണ്‍കുട്ടിയുമുണ്ട്. മുംബൈ വാഷിയിലെ എംജി കോംപ്‌ളക്സില്‍ റഹേജ റെസിഡന്‍സിയില്‍ ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്.
പുലര്‍ച്ചെ 12.40ഓടെ കെട്ടിടത്തിലെ പത്താം നിലയിലുണ്ടായ തീപിടിത്തം 11, 12 നിലകളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശികളായ സുന്ദര്‍ ബാലകൃഷ്ണന്‍ (44), വേദിക സുന്ദര്‍ ബാലകൃഷ്ണന്‍ (ആറ്), പൂജ രാജന്‍ (39) എന്നിവരാണ് തീപിടിത്തത്തില്‍ മരണപ്പെട്ട മലയാളികള്‍.
കമല ഹീരാലാല്‍ ജെയിന്‍ (84) ആണ് മരണപ്പെട്ട മറ്റൊരാള്‍. ഇവരെല്ലാവരും രഹേജ റെസിഡന്‍സിയിലെ താമസക്കാരാണ്. അപകടത്തില്‍ പരിക്കേറ്റവരെ ഫോര്‍ട്ടിസ് ഹീരാനന്ദനി, എംജിഎം എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
തീപിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും പതിനഞ്ചോളം പേരെ രക്ഷപ്പെടുത്തിയതായും നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചീഫ് ഫയര്‍ ഓഫീസര്‍ പുരുഷോത്തം ജാദവ് പറഞ്ഞു.