തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വര മരണം. തിരുവന്തപുരം പോത്തന്‍കോട് വാവറമ്പലം സ്വദേശിനി ഹബ്‌സാ ബീവി (79) ആണ് മരിച്ചത്.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വയോധികയുടെ മരണം സ്ഥിരീകരിക്കുന്നത്. ഈ മാസം 16 നായിരുന്നു ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. പിന്നീട് വീടിനടുത്തുള്ള ആശുപത്രിയിലും തിരുവനന്തപുരത്തെ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇന്ന് രാവിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഹബ്‌സാ ബീവിയുടെ പോത്തന്‍കോടുള്ള വീട്ടിലെത്തി പരിശോധനകള്‍ നടത്തിയിരുന്നു. വെള്ളത്തിന്റെ സാമ്പിളുകളടക്കം ശേഖരിച്ചു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഉറവിടം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂ.