വാഷിങ്ടണ്‍: നിലവില്‍ അമേരിക്കയിലുള്ളതും എച്ച്1 ബി സ്റ്റാറ്റസിനായി സ്പോണ്‍സര്‍ ചെയ്യപ്പെട്ടതുമായ അന്താരാഷ്ട്ര ബിരുദധാരികള്‍ കഴിഞ്ഞ മാസം ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ഫീസായ 100,000 ഡോളര്‍ നല്‍കേണ്ടതില്ലെന്ന് ട്രംപ് ഭരണകൂടം.
എഫ്1 സ്റ്റുഡന്റ് വിസ ഉടമകള്‍, എല്‍1 ഇന്‍ട്രാ-കമ്പനി ട്രാന്‍സ്ഫറികള്‍, വിസ പുതുക്കുന്നതിനോ നീട്ടുന്നതിനോ അപേക്ഷിക്കുന്ന നിലവിലെ എച്ച്1 ബി വിസക്കാര്‍ എന്നിവരുള്‍പ്പെടെ സാധുവായ വിസയില്‍ ഇതിനകം അമേരിക്കയിലുള്ള ആര്‍ക്കും 100,000 ഡോളര്‍ ഫീസ് ബാധകമാകില്ലെന്ന് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു.എസ്.സി.ഐ.എസ്) ഏറ്റവും പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കി.
മുമ്പ് നല്‍കിയിട്ടുള്ളതും നിലവില്‍ സാധുതയുള്ളതുമായ എച്ച്1 ബി വിസകള്‍ക്കോ, 2025 സെപ്റ്റംബര്‍ 21 ന് പുലര്‍ച്ചെ 12:01 ന് മുമ്പ് സമര്‍പ്പിച്ച അപേക്ഷകള്‍ക്കോ ഫീസ് വര്‍ധന ബാധകമല്ലെന്നും ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വലിയ ആശ്വാസം നല്‍കുന്നതാണ് പ്രഖ്യാപനം.
എച്ച്1 ബി ഉടമകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ അമേരിക്കയിലേക്ക് യാത്ര ചെയ്യാനും പുറത്തു പോകാനും കഴിയുമെന്നും പ്രസ്താവനയിലുണ്ട്. ഫീസ് പ്രഖ്യാപനത്തിന് ശേഷമുണ്ടായ വലിയ ആശങ്കകളിലൊന്നാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്. എഫ് 1 വിസയില്‍ നിന്ന് എച്ച്1 ബി ജോലിയിലേക്ക് മാറുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളെപ്പോലെ സ്റ്റാറ്റസ് മാറ്റത്തിനായി അപേക്ഷിക്കുന്ന നിലവിലുള്ള വിദേശ പൗരന്മാര്‍ക്കും പുതിയ ഫീസ് അടയ്ക്കേണ്ടതില്ല.
ഐടി മേഖലയിലടക്കം നിലവില്‍ ഏകദേശംമൂന്ന് ലക്ഷം ഇന്ത്യക്കാര്‍ എച്ച്1 ബി വിസയില്‍ അമേരിക്കയിലുണ്ട്. അവരില്‍ ഭൂരിഭാഗവും ടെക്നോളജി, സര്‍വീസ് മേഖലകളിലാണ് ജോലി ചെയ്യുന്നത്. യുഎസ് ഭരണകൂടത്തിന്റെ കണക്കുകള്‍ പ്രകാരം പുതിയ എച്ച്1 ബി വിസകളില്‍ ഏകദേശം 70 ശതമാനവും ഇന്ത്യക്കാര്‍ക്കാണ് ലഭിക്കുന്നത്. 11-12 ശതമാനവുമായി ചൈനീസ് പൗരന്മാരാണ് തൊട്ടുപിന്നില്‍.
ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ക്ക് മൂന്ന് വര്‍ഷം വരെ അമേരിക്കയില്‍ താമസിക്കാനും ജോലി ചെയ്യാനും അവസരം നല്‍കുന്നതാണ് എച്ച്1 ബി വിസ. ഇത് അടുത്ത മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടാനും സാധ്യതയുള്ളതാണ്. ഓരോ വര്‍ഷവും 85,000 പുതിയ വിസകള്‍ ലോട്ടറി സംവിധാനത്തിലൂടെയാണ് നല്‍കുന്നത്.
മുമ്പ് കമ്പനിയുടെ വലിപ്പവും വിഭാഗവും അനുസരിച്ച് 215 ഡോളര്‍ മുതല്‍ 5,000 ഡോളര്‍ വരെയായിരുന്നു വിസ അപേക്ഷാ ഫീസ്. ഇതാണ് ട്രംപ് ഭരണകൂടം കുത്തനെ ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്.
സാങ്കേതിക വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ സ്പോണ്‍സര്‍ ചെയ്യുന്ന തൊഴിലുടമകള്‍ക്ക് ഏകദേശം 90 ലക്ഷം രൂപയ്ക്ക് തുല്യമായ ഭീമമായ വാര്‍ഷിക ഫീസ് നിര്‍ബന്ധമാക്കിയ ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നുണ്ടായ ആഴ്ചകള്‍ നീണ്ട ആശയക്കുഴപ്പത്തിന് ശേഷമാണ് ഇപ്പോള്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.