ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കവേ പത്ത് വര്‍ഷത്തേക്കുള്ള പ്രതിരോധ സഹകരണ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു

ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കവേ പത്ത്  വര്‍ഷത്തേക്കുള്ള പ്രതിരോധ സഹകരണ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു

പുതിയ പ്രതിരോധ കരാര്‍ ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുമെന്നാണ് വിലയിരുത്തല്‍.

ക്വലാലംപൂര്‍: ഇന്ത്യയും അമേരിക്കയും തമ്മില്‍ ദീര്‍ഘകാല പ്രതിരോധ സഹകരണ കരാറില്‍ ഒപ്പുവെച്ചു. സാങ്കേതിക സഹകരണം, ഏകോപനം, വിവരങ്ങള്‍ പങ്കുവെയ്ക്കല്‍ എന്നിവയില്‍ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സഹകരണം ഉറപ്പു വരുത്തുന്ന 10 വര്‍ഷത്തേക്കുള്ള പ്രതിരോധ സഹകരണ കരാറില്‍ ഇരുവരും ഒപ്പുവച്ചത്. ക്വലാലംപൂരില്‍ നടക്കുന്ന ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചത്.

പ്രതിരോധ ഉപകരണങ്ങളുടെ സംയുക്ത നിര്‍മാണം, സാങ്കേതിക വിദ്യാ കൈമാറ്റം, ലോജിസ്റ്റിക് സൗകര്യങ്ങള്‍ ഉറപ്പുവരുത്തല്‍ എന്നീ കാര്യങ്ങളും കരാറില്‍ ഉള്‍പ്പെടുന്നുണ്ട്. സൈനിക സഹകരണം ആഴത്തിലാക്കുകയും, പരസ്പരം താവളങ്ങള്‍, ലോജിസ്റ്റിക്സ്, അറ്റകുറ്റപ്പണി സൗകര്യങ്ങള്‍ എന്നിവ തടസങ്ങളില്ലാതെ ഉപയോഗിക്കാന്‍ സഹായിക്കുകയും ചെയ്യും.

കൂടാതെ ഡ്രോണുകളിലും എഐ അധിഷ്ഠിത യുദ്ധ തന്ത്രങ്ങളിലുമുള്ള സംയുക്ത ഗവേഷണം, വികസനം എന്നിവയും ഉറപ്പു വരുത്തും. ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം മുമ്പൊരിക്കലും ഇത്രത്തോളം ശക്തമായിരുന്നില്ലെന്ന് പീറ്റ് ഹെഗ്സെത്ത് പിന്നീട് ട്വീറ്റ് ചെയ്തു.

ഇന്‍ഡോ-പസഫിക് മേഖലയിലുടനീളം ചൈനയുടെ വര്‍ധിച്ചു വരുന്ന സ്വാധീനത്തെ പ്രതിരോധിക്കുന്നതിനുള്ള ഒരു സുപ്രധാന നീക്കമായാണ് ഈ കരാറിനെ കാണുന്നത്. മാത്രമല്ല പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്ന ശക്തിയായും സമുദ്ര സഹകരണത്തിന് മുന്‍ഗണനയുള്ള പങ്കാളിയായും ഈ കരാറിലുടെ ഇന്ത്യ മാറുകയും ചെയ്തു. പുതിയ പ്രതിരോധ കരാര്‍ ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുമെന്നാണ് വിലയിരുത്തല്‍.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.