കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്ത ഇ പി ജയരാജന്റെ ആത്മകഥയിൽ പാർട്ടി നേതൃത്വത്തിന് പരോക്ഷ വിമർശനം. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്ന 'വൈദേകം' എന്ന അധ്യായത്തിലാണ് വിമർശനം. ആത്മകഥയുടെ 169-ാം പേജിൽ ഇങ്ങനെ പറയുന്നു-
അതിനിടയിലാണ് സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി ജയരാജൻ എനിക്കെതിരെ വൈദേകം റിസോർട്ട് നിക്ഷേപത്തിൽ അഴിമതി ആരോപണം ഉന്നയിച്ചുവെന്ന വാർത്ത ചില പത്രങ്ങൾ പ്രസിദ്ധീകരിച്ചത്. ആ യോഗത്തിൽ താൻ പങ്കെടുത്തിരുന്നില്ല. അതുകൊണ്ട് തന്നെ അവിടെ എന്താണ് സംഭവിച്ചത് എന്നും അറിഞ്ഞിരുന്നില്ല. വാർത്ത ദിവസങ്ങളോളം തുടർന്നത് വലിയ വിഷമമുണ്ടാക്കി. അപ്പോഴും എന്താണ് സംഭവിച്ചത് എന്ന വിവരം പുറത്തുവന്നതുമില്ല.
സത്യാവസ്ഥ അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് വ്യക്തമാക്കപ്പെടുന്നത്. ഒരു സ്വകാര്യ കമ്പനിയെ സഹകരണസ്ഥാപനത്തെ പോലെ സഹായിക്കാൻ പാടുണ്ടോ എന്നു മാത്രമാണ് സംസ്ഥാനകമ്മിറ്റി യോഗത്തിൽ ഉന്നയിച്ചതെന്ന് പി ജയരാജൻ വ്യക്തമാക്കി. എന്നാൽ വിവാദം ഉയർന്ന സമയം ബന്ധപ്പെട്ടവർ വ്യക്തത വരുത്തിയിരുന്നെങ്കിൽ എനിക്കെതിരേയുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾ നിലയ്ക്കുമായിരുന്നു. ആദ്യ യോഗത്തിൽ പി ജയരാജൻ ഉന്നയിച്ച വിഷയം പ്രചരിപ്പിക്കുകയായിരുന്നു ചിലർ എന്നും ആത്മഥയിൽ പറയുന്നു.