F.71 കോഡ് തുണയായി; ഗ്രിഗറി പതിനാറാമൻ പാപ്പയുടെ കൈയെഴുത്തുപ്രതി കണ്ടെത്തിയതായി വത്തിക്കാൻ

F.71 കോഡ് തുണയായി; ഗ്രിഗറി പതിനാറാമൻ പാപ്പയുടെ കൈയെഴുത്തുപ്രതി കണ്ടെത്തിയതായി വത്തിക്കാൻ

വത്തിക്കാൻ സിറ്റി: വിശുദ്ധ സിംഹാസനത്തിന്റെ പുരാതന പൈതൃകങ്ങളിലൊന്ന് വീണ്ടെടുത്ത് വത്തിക്കാൻ. വർഷങ്ങൾക്ക് മുൻപ് മോഷണം പോയ ഗ്രിഗറി പതിനാറാമൻ മാർപാപ്പയുടെ അതിവ വിലയേറിയ കൈയെഴുത്തു പ്രതിയാണ് ഇപ്പോൾ തിരികെ കിട്ടിയത്. ആരാധനാ ചടങ്ങുകളുമായി ബന്ധപ്പെട്ട രേഖകൾ സൂക്ഷിക്കുന്ന പൊന്തിഫിക്കൽ സെറിമണികളുടെ ആർക്കൈവിൽ നിന്നാണ് ഈ അപൂർവ പ്രമാണം അപ്രത്യക്ഷമായത്.

ഈ രേഖയുടെ ചരിത്രപരമായ പ്രാധാന്യം വളരെ വലുതാണ്. 1864 ൽ തയ്യാറാക്കിയ ഈ കൈയെഴുത്തുപ്രതി അന്നത്തെ കൺസിസ്റ്ററി ചടങ്ങുകളിൽ കർദിനാൾ പദവികൾ നൽകുന്നതിനായി മാർപാപ്പ നേരിട്ട് ഉപയോഗിച്ചിരുന്നതാണ്. ഇത് വത്തിക്കാനിലെ ചരിത്രരേഖകളുടെ ശേഖരത്തിൽ ഒരു നിർണായക സ്ഥാനമാണ് വഹിച്ചിരുന്നത്.

കണ്ടെത്തിയ കൈയെഴുത്തു പ്രതിയുടെ ബൈൻഡിംഗിൽ സ്വർണത്തിൽ അച്ചടിച്ച “F.71” എന്ന കാറ്റലോഗ് നമ്പർ കണ്ടെത്തിയതോടെ അത് യഥാർത്ഥ രേഖ ആണെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചു.

കൈയെഴുത്തു പ്രതി മോഷ്ടിക്കപ്പെട്ടതിന്റെ കൃത്യമായ തീയതി നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വത്തിക്കാൻ ആർക്കൈവ്സ് പ്രിഫെക്ചറിന്റെ സെക്രട്ടറി മാർക്കോ ഗ്രില്ലി പറഞ്ഞു. “ഈ വാല്യം 1864 ലെ ഒരു കാറ്റലോഗിൽ പെട്ടതാണെന്നും പിന്നീട് എപ്പോഴോ അവിടെ ഇല്ലായിരുന്നെന്നും പ്രസ്താവിക്കുന്ന ഒരു കുറിപ്പ് ലഭിച്ചു. അതിനാൽ അത് എപ്പോൾ മോഷ്ടിക്കപ്പെട്ടു അല്ലെങ്കിൽ ഈ വാല്യം എപ്പോൾ നഷ്ടപ്പെട്ടു എന്നതിന് കൃത്യമായ തീയതിയില്ല. നിർഭാഗ്യവശാൽ അത് കൃത്യമായി പറയാൻ കഴിയില്ല,” മാർക്കോ ഗ്രില്ലി പറഞ്ഞു.

ഇറ്റാലിയൻ കാരാബിനെറോയുടെ സാംസ്കാരിക പൈതൃക സംരക്ഷണ വിഭാഗം നടത്തിയ പരിശ്രമമാണ് ഈ ചരിത്രരേഖയെ വീണ്ടും വത്തിക്കാനിലേക്ക് എത്തിക്കുന്നത്. കൈയെഴുത്തുപ്രതി നവംബർ 11 ന് പരിശുദ്ധ സിംഹാസനത്തിന് ഔദ്യോഗികമായി തിരികെ കൈമാറും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.