നാവിക കരുത്ത് വര്‍ധിപ്പിച്ച് ചൈന: തദ്ദേശീയമായി വികസിപ്പിച്ച 'ഫ്യുജിയാന്‍' സൈന്യത്തിന്റെ ഭാഗമാക്കി; ആശങ്കയോടെ സഖ്യകക്ഷികള്‍

നാവിക കരുത്ത് വര്‍ധിപ്പിച്ച് ചൈന: തദ്ദേശീയമായി വികസിപ്പിച്ച 'ഫ്യുജിയാന്‍' സൈന്യത്തിന്റെ ഭാഗമാക്കി; ആശങ്കയോടെ സഖ്യകക്ഷികള്‍

ബീജിങ്: തദ്ദേശീയമായി വികസിപ്പിച്ച 'ഫ്യുജിയാന്‍' സൈന്യത്തിന്റെ ഭാഗമാക്കിയതോടെ ചൈനയുടെ വിമാനവാഹിനികളുടെ എണ്ണം മൂന്നായി. ചൈനയുടെ ആദ്യ രണ്ട് കാരിയറുകളായ ലിയോണിങ്, ഷാന്‍ഡോങ് എന്നിവ റഷ്യന്‍ നിര്‍മിതമാണ്. എന്നാല്‍ ഫ്യുജിയാന്‍ ചൈന സ്വന്തമായി നിര്‍മിച്ചതാണ്.

വിമാനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ കുതിച്ചുയരാന്‍ സഹായിക്കുന്ന വൈദ്യുതകാന്തിക കാറ്റപ്പള്‍ട്ടുകള്‍ ഉള്ള വിമാനവാഹിനിയാണ് ഫ്യുജിയാന്‍. ഈ സാങ്കേതിക വിദ്യ സ്വന്തമായി വികസിപ്പിച്ച രണ്ടാമത്തെ രാജ്യമാണ് ചൈന. നിലവില്‍ യു.എസ് വിമാനവാഹിനികളില്‍ മാത്രമാണ് ഈ സാങ്കേതിക വിദ്യയുള്ളത്. അതേസമയം ഈ സാങ്കേതിക വിദ്യ തദ്ദേശീയമായി വികസിപ്പിക്കാനുള്ള തീരുമാനം ഷി ജിന്‍ പിങ് വ്യക്തിപരമായി എടുത്തതാണെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ ഷിന്‍ഹ്വ അവകാശപ്പെട്ടു.

സൈനിക ആധുനികവത്കരണം അതിവേഗമാണ് ചൈന നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തിലാണ് ഫ്യുജിയാന്റെ വരവ്. പരന്ന ഫ്ളൈറ്റ് ഡെക്കാണ് ഈ വിമാനവാഹിനിക്കുള്ളത്. കാറ്റപ്പള്‍ട്ട് സംവിധാനം ഉപയോഗിച്ച് മൂന്ന് വ്യത്യസ്ത തരം വിമാനങ്ങള്‍ക്ക് ഇതില്‍ നിന്ന് പറന്നുയരാന്‍ സാധിക്കും. കൂടുതല്‍ ഭാരമുള്ള ആയുധങ്ങളും ഇന്ധനവും വഹിക്കുന്ന വിമാനങ്ങളെ വഹിക്കാന്‍ സാധിക്കും. അതിനാല്‍ വളരെ അകലെ നിന്ന് തന്നെ ശത്രു കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്താന്‍ സാധിക്കും.

85,000 ടണ്‍ കേവ് ഭാരമുള്ള ഭീമന്‍ വിമാനവാഹിനി കപ്പലാണ് ഫ്യുജിയാന്‍. യു.എസിന്റെ പക്കലുള്ള സൂപ്പര്‍ കാരിയര്‍ കപ്പലായ കിറ്റി ഹോക്കിന് തുല്യമാണ് ഫ്യുജിയാന്‍. 316 മീറ്ററാണ് നീളം. 76 മീറ്റര്‍ വീതിയുമുണ്ട്. 40 യുദ്ധ വിമാനങ്ങളെയും 12 ഹെലികോപ്റ്ററുകളെയും വഹിക്കാനുള്ള ശേഷിയും ഉണ്ട്. 2010 ല്‍ നിര്‍മാണം തുടങ്ങിയ ഈ വിമാനവാഹിനി 2024 ലാണ് നീറ്റിലിറക്കിയത്. 10 തവണ കടല്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടും ഉണ്ട്. നവംബര്‍ അഞ്ചിന് ഫ്യുജിയാന്റെ കമ്മീഷനിങും നടന്നു.

അതേസമയം നാവികസേനയുടെ ശേഷി അതിവേഗം വര്‍ധിപ്പിക്കുന്ന ചൈനയുടെ നടപടി യു.എസും സഖ്യകക്ഷികളും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.