'സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള മതിയായ കാരണമല്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

'സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള മതിയായ കാരണമല്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

കൊച്ചി: സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും വിയോജിപ്പും പൗരന്‍മാരുടെ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കുന്നതിനുള്ള മതിയായ കാരണമല്ലെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കരുതെന്നും നേരിട്ട് നല്‍കുന്നതാണ് നല്ലതെന്നും സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട എറണാകുളം അയ്യമ്പിള്ളി സ്വദേശി എസ്. മനുവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി അരുണിന്റെ നിര്‍ണായക ഉത്തരവ്.

ഇന്ത്യന്‍ ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നുണ്ട്. വിമര്‍ശനത്തിനുള്ള സ്വാതന്ത്ര്യവും അതിലുള്‍പ്പെടുന്നുണ്ട്. ചിന്തിക്കാനും പ്രതികരിക്കാനുമുള്ള അവകാശം പ്രധാനമാണ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പൊതുജീവിത ക്രമത്തിനും ഭീഷണിയാകുന്ന സാഹചര്യങ്ങളിലാണ് അഭിപ്രായ പ്രകടനം നിയന്ത്രിക്കാനാകുക. സര്‍ക്കാര്‍ നടപടികളെ വിമര്‍ശിക്കുന്നത് ഇതിന്റെ പരിധിയില്‍ വരില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അവശ്യ സേവനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കുറ്റവും ചുമത്തിയിരുന്നു. ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിയമത്തില്‍പ്പറയുന്ന അവശ്യ സേവനങ്ങളുടെ പട്ടികയില്‍ വരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തിനെതിരായ ആഹ്വാനങ്ങളോ ജനങ്ങളെ ഭീതിപ്പെടുത്തുന്ന വിഷയമോ ഈ കേസില്‍ ഇല്ലെന്നും വിലയിരുത്തി കേസ് റദ്ദാക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.