പെർത്ത് : സാമൂഹിക തിന്മകൾക്കെതിരെ ക്രിയാത്മകമായി പ്രതികരിക്കണമെന്ന് ആഹ്വാനം ചെയ്ത് പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവകയിൽ സമുദായ ശാക്തീകരണ വർഷം 2026 ആസ്പദമാക്കിയുള്ള പ്രാരംഭ സെമിനാർ സംഘടിപ്പിച്ചു. സാമൂഹിക തിന്മക്കൾക്കെതിരെ ക്രിസ്തീയമായി പ്രതികരിച്ചില്ലെങ്കിൽ തിന്മക്ക് മൗനാനുവാദം കൊടുക്കുകയാണ് ചെയ്യുന്നതെന്ന് 'റീബിൽഡ് ദി ചർച്ച് ത്രൂ മൈ മിനിസ്ട്രി' എന്ന സെമ്നാർ ഉദ്ഘാടനം ചെയ്ത് പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവക വികാരി ഫാ. അജിത് ചെറിയേക്കര പറഞ്ഞു.
നമ്മൾ ശബ്ദം ഉയർത്തിയില്ലെങ്കിൽ തിന്മ ലോകത്തെ മുഴുവൻ മൂടും. പീഠത്തിന്മേൽ ഉയർത്തപ്പെട്ട വിളക്കുകളാണ് നാം; മൂടിവെക്കപ്പെട്ട വിളക്കുകളല്ല. ഈ സന്ദേശമാണ് ഓരോ ക്രിസ്ത്യാനിയും ഉയർത്തേണ്ടത്. സഭയും ലോകവും രണ്ട് വിത്യസ്ത ദ്രുവങ്ങളിൽ നിൽക്കുന്നതല്ല. പ്രാർത്ഥനക്കൊപ്പം പ്രവൃത്തിയും അനിവാര്യമാണെന്ന് ഫാ. അജിത് ചെറിയേക്കര വ്യക്തമാക്കി.
പ്രവൃത്തി കൂടാതെയുള്ള വിശ്വാസം അതിൽ തന്നെ നിർജീവമാണെന്ന് ദൈവ വചനം ഉദ്ധരിച്ചുകൊണ്ട് ക്രിയാത്മകമായും ക്രിസ്തീയമായും പ്രതികരിക്കാൻ സമൂഹത്തോട് ഫാ. അജിത് ആഹ്വാനം ചെയ്തു. തിന്മയുള്ളിടത്ത് ചെറിയ തിരിനാളമായെങ്കിലും നമ്മുടെ ജീവിതം തെളിക്കാനായാൽ അത് സമൂഹത്തിന് വലിയ അനുഗ്രഹമായി മാറുമെന്നും ഫാ. അജിത്ത് കൂട്ടിച്ചേർത്തു.
മെൽബൺ രൂപത കത്തോലിക്കാ കോൺഗ്രസ് ഡയറക്ടർ ഫാ. ജോൺ പുതുവ മുഖ്യസന്ദേശം നൽകി. മനുഷ്യ നന്മ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം. അതിർ വരമ്പുകളില്ലാതെ മറ്റുള്ളവർക്കായും നാം ജോലി ചെയ്യണം. 1931 ൽ കത്തോലിക്കാ കോൺഗ്രസ് രൂപികൃതമായതിനെക്കുറിച്ചും ഫാ. ജോൺ പുതുവ ഓർമ്മിപ്പിച്ചു. ഓരോ കാലഘട്ടത്തിലും ഓരോ ദേശങ്ങളിലും സമുദായിക സംഘടനയായ കത്തോലിക്കാ കോൺഗ്രസിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് ഫാ. ജോൺ പറഞ്ഞു.
ഇടവകയിലെ വിവിധ സംഘടനകളായ ഇവാഞ്ചലൈസേഷൻ മിനിസ്ട്രി, നഴ്സസ് മിനിസ്ട്രി, മാതൃവേദി, പിതൃവേദി, സീറോ മലബാർ യൂത്ത് മൂവ്മെന്റ് (എസ്എംവൈഎം), സിറോ മലബാർ യംഗ് കപ്പിൾസ് മിനിസ്ട്രി (എസ്എംവൈസിഎം), കാറ്റിക്കിസം ഡിപ്പാർട്ട്മെന്റ് തുടങ്ങി വിവിധ മിനിസ്ട്രികളുടെ നേതൃനിരയിലുള്ളവർ സെമിനാറിൽ പങ്കെടുത്തു. അടുത്ത വർഷം നടത്തേണ്ട കാര്യങ്ങളെക്കുറിച്ച് ദിശാബോധം നൽകി.
കത്തോലിക്കാ കോൺഗ്രസ് പെർത്ത് ഇടവക പ്രസിഡന്റ് പ്രകാശ് ജോസഫ് തീം പ്രസന്റേഷൻ നടത്തി. തുടർന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ചർച്ചകൾ നടന്നു. അസിസ്റ്റന്റ് വികാരി ഫാ. ബിബിൻ വേലംപറമ്പിൽ ചർച്ചകളെ ഉപസംഹാരിച്ച് പ്രസംഗം നടത്തി.
സമുദായ ശാക്തീകരണ വർഷമായ 2026 ൽ പെർത്ത് ഇടവകയിൽ സംഘടിപ്പിക്കേണ്ട പരിപാടികളെക്കുറിച്ച് പ്രാരംഭ ചർച്ചയിൽ തീരുമാനമായി. അർമഡൈയിൽ സിറ്റി കൗൺസിലിലേക്ക് വിജയിച്ച പെർത്ത് ഇടവകാംഗമായ ടോണി തോമസിനെ ചടങ്ങിൽവെച്ച് ആദരിച്ചു.
വിശ്വാസ പരിശീലനത്തിന് പുറമേ പെർത്തിലെ കുട്ടികളെ മലയാളം പഠിപ്പിക്കുന്ന അധ്യാപകർക്ക് ചടങ്ങിൽ വെച്ച് നന്ദിയും അനുമോദനവും അർപ്പിച്ചു. അവർക്ക് പ്രവർത്തന മികവിനുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിവിധ മിനിസ്ട്രികളിൽ നിന്നായി 60 ലേറെ പേർ യോഗത്തിൽ പങ്കെടുത്തു.
ബെറ്റി സുനിൽ പ്രാരംഭ പ്രാർത്ഥന നടത്തി. കത്തോലിക്കാ കോൺഗ്രസ് പെർത്ത് ഇടവക സെക്രട്ടറി റോയിസ് പൊയ്കയിൽ നന്ദി പറഞ്ഞു. ജനോഷ് സെബാസ്റ്റ്യൻ, ഷിനോജ് ചാക്കോ, റൈസൻ ജോസ്, മാത്യു മത്തായി, സിജോ അഗസ്ററ്യൻ, രാജു അലക്സാണ്ടർ, മജു തോമസ്
ആൽബർട്ട് തോമസ്, ചാൾസ് ഡാർവിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.