ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്ത ഭീകരര്‍.
പ്രത്യക്ഷ ഭീകര പ്രവര്‍ത്തനത്തില്‍ നിന്ന് പരോക്ഷമായ ഇത്തരം ആക്രമണ രീതികളിലേക്ക് മാറുമ്പോള്‍ വന്‍തോതില്‍ ആള്‍നാശത്തിന് ഇടയാക്കും എന്നതിനൊപ്പം സമൂഹത്തില്‍ വലിയ ഭീതി സൃഷ്ടിക്കുന്നതിനും സാധിക്കുമെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍.
അഹമ്മദാബാദ്: കൊടും ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റും (ഐ.എസ്) അനുബന്ധ തീവ്രവാദ സംഘടനകളും പതിവ് ആക്രമണ രീതികള്‍ വിട്ട് പരോക്ഷമായ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ചുവടുമാറ്റം നടത്തുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. പരമ്പരാഗത ബോംബ് സ്‌ഫോടനങ്ങള്‍ അടക്കമുള്ള ആക്രമണ തന്ത്രങ്ങള്‍ മാറ്റുകയാണ്.
കഴിഞ്ഞ ദിവസം ഗുജറാത്തില്‍ നിന്ന് പിടികൂടിയ ഡോക്ടര്‍ അഹമ്മദ് മുഹയുദ്ദീന്‍ സയീദ് ഭീകരാക്രമണത്തിനായി അതിമാരകമായ റൈസിന്‍ വിഷ പദാര്‍ത്ഥം തയ്യാറാക്കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇയാള്‍ ഉള്‍പ്പെടെ പിടിയിലായ മൂന്ന് ഭീകരര്‍ പൊതു ജലസ്രോതസുകളിലും ക്ഷേത്രങ്ങളിലെ പ്രസാദങ്ങളിലും വിഷം കലര്‍ത്താന്‍ പദ്ധതിയിട്ടിരുന്നതായും വ്യക്തമായി.
ആവണക്കിന്‍ കുരുവില്‍ നിന്നും വേര്‍തിരിച്ചെടുത്ത റൈസിന്‍ എന്ന വിഷ പദാര്‍ത്ഥമാണ് ഹൈദരാബാദ് സ്വദേശിയായ ഡോ. അഹമ്മദ് മുഹയുദ്ദീന്‍ സയീദ് തയ്യാറാക്കിയിരുന്നത്. റൈസിന്‍ വിഷം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അപൂര്‍വമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
പ്രത്യക്ഷ ഭീകര പ്രവര്‍ത്തനത്തില്‍ നിന്ന് പരോക്ഷമായ ഇത്തരം ആക്രമണ രീതികളിലേക്ക് മാറുമ്പോള്‍ വന്‍തോതില്‍ ആള്‍നാശത്തിന് ഇടയാക്കും എന്നതോടൊപ്പം സമൂഹത്തില്‍ വലിയ ഭീതി സൃഷ്ടിക്കുന്നതിനും സാധിക്കുമെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
റൈസിന്‍ വിഷം തയ്യാറാക്കുന്നതിനുള്ള ഉപകരണങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍ തുടങ്ങിയവയും ഇയാളുടെ പക്കല്‍ നിന്നും ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (എടിഎസ്) കണ്ടെടുത്തു. പിടിച്ചെടുത്ത വസ്തുക്കളും ഇലക്ട്രോണിക് തെളിവുകളും എടിഎസും കേന്ദ്ര ഏജന്‍സികളും വിശകലനം ചെയ്യുകയാണ്.
ഐ.എസ് ബന്ധം പുലര്‍ത്തിയിരുന്ന ആസാദ് സുലൈമാന്‍ ഷേഖ്, മുഹമ്മദ് സുഹൈല്‍ മുഹമ്മദ് സലീം എന്നിവരെ ഉത്തര്‍പ്രദേശില്‍ നിന്നും ഡോ. അഹമ്മദ് മുഹയുദ്ദീന്‍ സയീദിനെ ഹൈദരാബാദില്‍ നിന്നുമാണ് എടിഎസ് പിടികൂടിയത്.
ചൈനയില്‍ നിന്നും എംബിബിഎസ് ബിരുദം നേടിയ ഇയാള്‍ ഐ.എസിന്റെ ഖൊറൈസണ്‍ പ്രവിശ്യാ തലവനായ അബു ഖാദിമുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും എടിഎസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഡല്‍ഹി, അഹമ്മദാബാദ്, ലഖ്നൗ എന്നിവിടങ്ങളിലെ പൊതു ജലസ്രോതസുകളിലും ക്ഷേത്രങ്ങളിലെ പ്രസാദത്തിലും റൈസിന്‍ കലര്‍ത്തി വിഷലിപ്തമാക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായാണ് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കുന്നത്. പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തിയിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.