'പരിഗണിക്കുന്നത് തോല്‍ക്കുന്ന സീറ്റുകളില്‍ ആകരുത്'; തിരഞ്ഞെടുപ്പുകളില്‍ യുവജന പ്രാതിനിധ്യം കുറയുന്നുവെന്ന് അബിന്‍ വര്‍ക്കി

'പരിഗണിക്കുന്നത് തോല്‍ക്കുന്ന സീറ്റുകളില്‍ ആകരുത്'; തിരഞ്ഞെടുപ്പുകളില്‍ യുവജന പ്രാതിനിധ്യം കുറയുന്നുവെന്ന് അബിന്‍ വര്‍ക്കി

മഞ്ചേരി: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവജന പ്രാതിനിധ്യം കുറയുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി. 2010 ലെ യുവജന പ്രാതിനിധ്യം ഇത്തവണ ഉണ്ടായിട്ടില്ലെന്ന് അബിന്‍ വര്‍ക്കി അഭിപ്രായപ്പെട്ടു. 2010 ല്‍ കേരളത്തിലെ അന്‍പത് ശതമാനം സീറ്റുകളിലും യുവജന പ്രാതിനിധ്യം ഉറപ്പുവരുത്തിയതിനാലാണ് അന്ന് വന്‍ വിജയം നേടാനായതെന്നും യുവജന പ്രാതിനിധ്യം കേവലം തോല്‍ക്കുന്ന സീറ്റുകളിലോ മറ്റിടങ്ങളിലോ ആകരുതെന്ന അഭ്യര്‍ത്ഥനയുണ്ടെന്നും അബിന്‍ പറഞ്ഞു.

യുവജന പ്രാതിനിധ്യം നിര്‍ബന്ധമായും വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതാണ്. അക്കാര്യം പാര്‍ട്ടി മുഖവിലക്കെടുത്തിട്ടും ഉണ്ട്. അതുകൊണ്ട് തന്നെ യുവജന പ്രാതിനിധ്യം ഇത്തവണ പാര്‍ട്ടി കാര്യമായി പരിഗണിക്കും എന്നാണ് പ്രതീക്ഷ. 2010 ലെ പോലെ പരിഗണിക്കണം എന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യമെന്നും അബിന്‍വര്‍ക്കി പറഞ്ഞു.

കേരളത്തില്‍ ശക്തമായ യുഡിഎഫ് അനുകൂല വികാരമാണുള്ളത്. മറ്റ് കാലങ്ങളില്‍ കാണാത്ത മുന്നൊരുക്കമാണ് യുഡിഎഫ് നടത്തുന്നതെന്നും അബിന്‍ വര്‍ക്കി വ്യക്തമാക്കി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ യുഡിഎഫ് ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിയാണെന്ന് എന്‍. വാസുവിന്റെ അറസ്റ്റോടെ വ്യക്തമായിരിക്കയാണ്. എന്‍. വാസുവാണ് ശബരിമല സ്വര്‍ണക്കൊള്ളയിലെ ഗൂഢാലോചനയിലെ ആദ്യ പ്രതിയെന്ന് കാലാകാലങ്ങളായി കോണ്‍ഗ്രസ് പറഞ്ഞതാണ്. സ്വര്‍ണ പാളികള്‍ എന്നെഴുതിയ കത്ത് എന്‍. വാസുവിന്റെ ടേബിളില്‍ നിന്നാണ് ചെമ്പ് തകിടായി മറിയതെന്ന് കോടതി തന്നെ കണ്ടെത്തിയതാണ്. ഈ കത്ത് മുന്നിലെത്തിയപ്പോള്‍ ദേവസ്വം പ്രസിഡന്റും ബോര്‍ഡ് അംഗങ്ങളും അത് ചെമ്പ് തകിടെന്ന് എഴുതി ഒപ്പിട്ട് കൊടുത്തതിന് ശേഷമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ശബരിമലയിലെ സാധനസാമഗ്രികള്‍ കൈമാറിയത്. അടുത്ത വിക്കറ്റ് വീഴാന്‍ പോകുന്നത് എ. പത്മകുമാറിന്റേതാണെന്നും അബിന്‍ പറഞ്ഞു.

വാസു അറസ്റ്റിലായാല്‍ ഏറ്റവും ഒടുവില്‍ അറസ്റ്റിലാകാന്‍ പോകുന്നത് വാസവനായിരിക്കും. വാസുവില്‍ നിന്നും വാസവനിലേക്കുള്ള ദൂരം വിദൂരമല്ലെന്ന് അന്വേഷണത്തില്‍ നിന്ന് മനസിലാക്കാനാകും. ദേവസ്വം മന്ത്രി ഉള്‍പ്പടെയുള്ളവരുടെ പിന്തുണയോടെയാണ് ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നിട്ടുള്ളതെന്നും അബിന്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.