എക്കാലത്തെയും പ്രിയപ്പെട്ട സിനിമകൾ പങ്കിട്ട് ലിയോ മാർപാപ്പ; ആവേശഭരിതരായി ചലച്ചിത്ര പ്രേമികൾ

എക്കാലത്തെയും പ്രിയപ്പെട്ട സിനിമകൾ പങ്കിട്ട് ലിയോ മാർപാപ്പ; ആവേശഭരിതരായി ചലച്ചിത്ര പ്രേമികൾ

വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയുടെ വിശുദ്ധ വർഷാചരണത്തിന്റെ ഭാഗമായി സിനിമാ മേഖലയിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്താൻ ഒരുങ്ങുന്നതിനിടെ ലിയോ പതിനാലമൻ മാർപാപ്പ തന്റെ ഇഷ്ട ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ടത് ചലച്ചിത്ര ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. മാർപാപ്പയുടെ അപ്രതീക്ഷിത സിനിമാഭിരുചിയാണ് സിനിമാ പ്രേമികളെ ആവേശം കൊള്ളിക്കുന്നത്.

മാനവികതയ്ക്കും കുടുംബ ബന്ധങ്ങൾക്കും ഊന്നൽ നൽകുന്ന നാല് ക്ലാസിക് ചിത്രങ്ങളാണ് പാപ്പ തിരഞ്ഞെടുത്തത്. ഫ്രാങ്ക് കാപ്രയുടെ 'ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ്', റോബർട്ട് വൈസിന്റെ മ്യൂസിക്കൽ ഡ്രാമ 'ദി സൗണ്ട് ഓഫ് മ്യൂസിക്' (1965), റോബർട്ട് റെഡ്ഫോർഡിന്റെ ഫാമിലി ഡ്രാമ 'ഓർഡിനറി പീപ്പിൾ' (1980), റോബർട്ടോ ബെനിഗ്നിയുടെ 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' (1997) എന്നിവയാണ് പാപ്പായുടെ എക്കാലത്തെയും ഇഷ്ട ചിത്രങ്ങൾ.

ഫ്രാങ്ക് കാപ്രയുടെ 1946 ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം 'ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ്' നിരാശനായ ഒരു കുടുംബസ്ഥനെ സഹായിക്കാൻ സ്വർഗത്തിൽ നിന്ന് ഒരു മാലാഖ എത്തുന്നതാണ് ഇതിവൃത്തം.

സെക്യുലർ സ്വഭാവമുള്ള 'ഓർഡിനറി പീപ്പിൾ' കുടുംബമൂല്യങ്ങളെപ്പറ്റിയാണ് സംസാരിക്കുന്നത്. നാസി കൊണ്‍സെൻട്രേഷൻ ക്യാംപ് പശ്ചാത്തലമാക്കി ഒരുക്കിയ 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' സിനിമ മാനുഷിക മൂല്യങ്ങള്‍ എടുത്തുകാട്ടുന്നതാണ്. മാർപാപ്പയുടെ ഇഷ്ട സിനിമകൾ പാപ്പായുടെ നിലപാട് കൂടിയാണ് വ്യക്തമാക്കുന്നത് എന്നാണ് ചലച്ചിത്ര പ്രേമികൾ അഭിപ്രായപ്പെടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.