ബമാകോ: ആഫ്രിക്കൻ രാജ്യമായ മാലിയിൽ വിശ്വാസികളുടെ സുരക്ഷ മുൻനിർത്തി 54-ാമത് ദേശീയ മരിയൻ തീർത്ഥാടനം റദ്ദാക്കി. അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ജമാഅത്ത് നുസ്രത്തുൽ ഇസ്ലാം വ അൽ മുസ്ലിമിൻ (JNIM) എന്ന ഇസ്ലാമിക തീവ്രവാദ സംഘടനയുടെ ഭീഷണിയും റോഡ് ഉപരോധവും മൂലം യാത്രാ സുരക്ഷ ഉറപ്പുവരുത്താൻ കഴിയാത്തതിനാലാണ് മാലി ബിഷപ്പ്സ് കോൺഫറൻസ് ഈ കഠിനമായ തീരുമാനമെടുത്തത്.
വിശ്വാസികളുടെ പ്രത്യാശയുടെയും പ്രാർത്ഥനയുടെയും കേന്ദ്രമായ കിറ്റയിലെ മരിയൻ ദേവാലയത്തിലേക്കുള്ള ഈ വാർഷിക തീർത്ഥാടനത്തിനായി സഭ ഒരുങ്ങുകയായിരുന്നു. എന്നാൽ നിലവിലെ കലുഷിതമായ സാഹചര്യവും ഇന്ധനക്ഷാമം കാരണം തീർത്ഥാടകരെ കൊണ്ടുപോകാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും പരിഗണിച്ച് പ്രാർത്ഥനയുടെയും ഉത്തരവാദിത്തബോധത്തിന്റെയും ഫലമായി തീർത്ഥാടനം റദ്ദാക്കാൻ തീരുമാനിച്ചതായി മാലി ബിഷപ്പ്സ് കോൺഫറൻസിന്റെ പ്രസിഡന്റ് കെയ്‌സിലെ ബിഷപ്പ് ജോനാസ് ഡെംബെലെ പ്രസ്താവനയിൽ അറിയിച്ചു.
എല്ലാ ദൈവജനത്തിന്റെയും ക്ഷേമവും സുരക്ഷിതത്വവും ഉറപ്പുവരുത്തുക എന്ന പരമമായ ലക്ഷ്യത്തോടെയാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് മെത്രാൻ സമിതി വ്യക്തമാക്കി. "ഓരോ വ്യക്തിയുടെയും പ്രാർത്ഥന നമ്മുടെ രാജ്യത്ത് സമാധാനത്തിനും ഐക്യത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ഒരു മധ്യസ്ഥ പ്രാർത്ഥനയായിരിക്കണം," ബിഷപ്പുമാർ ആഹ്വാനം ചെയ്തു.
ദേവാലയത്തിലേക്ക് യാത്ര ചെയ്യാനാവില്ലെങ്കിലും എല്ലാ വിശ്വാസികളും തങ്ങളുടെ ഭവനങ്ങളിൽ നിന്നും ഇടവകകളിൽ നിന്നും പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥം തേടി രാജ്യത്തിനു വേണ്ടി നിരന്തരം പ്രാർത്ഥിക്കണമെന്നും സമാധാനത്തിനു വേണ്ടി തീവ്രമായി നിലകൊള്ളണമെന്നും മെത്രാൻ സമിതി അഭ്യർഥിച്ചു.
ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾ തലസ്ഥാനമായ ബമാകോയിലേക്കുള്ള ഇന്ധന വിതരണം തടസപ്പെടുത്തുകയും ക്രൈസ്തവർക്ക് നേരെ കനത്ത വെല്ലുവിളി ഉയർത്തുകയും ചെയ്യുന്ന ഈ ദുർഘട സമയത്ത് വിശ്വാസത്തിന്റെ ശക്തിയിൽ അടിയുറച്ച് ഭയത്തെ പ്രാർത്ഥന കൊണ്ട് നേരിടാൻ സഭ ആഹ്വാനം ചെയ്യുന്നു.