വാഷിങ്ടൺ: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗവൺമെൻ്റ് ഷട്ട്ഡൗൺ അവസാനിച്ചു. യുഎസ് കോൺഗ്രസിലെ സെനറ്റും ജനപ്രതിനിധി സഭയും പാസാക്കിയ ധനാനുമതി ബില്ലിൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചതോടെ ആണ് 43 ദിവസം നീണ്ട ഷട്ട്ഡൗണിന് വിരാമമായത്.
റിപ്പബ്ലിക്കൻ പാർട്ടിക്ക് മേൽക്കൈ ഉള്ള ജനപ്രതിനിധി സഭയിൽ ബുധനാഴ്ച രാത്രി നടന്ന വോട്ടെടുപ്പിലാണ് 222-209 വോട്ടുകൾക്ക് ബില്ല് പാസായത്. 216 റിപ്പബ്ലിക്കന്മാരും ആറ് ഡെമോക്രാറ്റുകളും ബില്ലിനെ അനുകൂലിച്ചപ്പോൾ 207 ഡെമോക്രാറ്റുകളും രണ്ട് റിപ്പബ്ലിക്കന്മാരും ബില്ലിനെ എതിർത്തു. തുടർന്ന് പ്രസിഡൻ്റ് ട്രംപ് ബില്ലിൽ ഒപ്പുവെക്കുകയായിരുന്നു.
ധനാനുമതി ബില്ലിൽ പ്രസിഡൻ്റ് ട്രംപ് ഒപ്പുവെച്ചതോടെ ഫെഡറൽ സർക്കാരിൻ്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ഷട്ട്‌ഡൗൺ കാരണം വിമാനയാത്ര തടസപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷ്യ സഹായം മുടങ്ങുകയും ആയിരക്കണക്കിന് ഫെഡറൽ ജീവനക്കാർക്ക് ശമ്പളം ലഭിക്കാതിരിക്കുകയും ചെയ്തിരുന്നു. ഷട്ട്ഡൗൺ അവസാനിച്ചതോടെ ഫെഡറൽ ജീവനക്കാർക്ക് ശമ്പളം നൽകാനും ഭക്ഷ്യസഹായം പുനരാരംഭിക്കാനും വിമാനത്താവളങ്ങളിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനം മെച്ചപ്പെടുത്താനും വഴിയൊരുങ്ങും.
43 ദിവസത്തെ ഷട്ട്‌ഡൗൺ കാരണം ആളുകൾക്ക് വളരെ മോശം അനുഭവമുണ്ടായെന്ന് പ്രസിഡൻ്റ് ട്രംപ് ബില്ലിൽ ഒപ്പുവെച്ച ശേഷം പ്രതികരിച്ചു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്നും ഇങ്ങനെ ഒരു രാജ്യത്തെ ഭരിക്കാൻ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. ഷട്ട്‌ഡൗണിന് കാരണം ഡെമോക്രാറ്റിക് പാർട്ടിയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ഫെഡറൽ ഏജൻസികൾക്ക് 2026 ജനുവരി 30 വരെ ഫണ്ട് അനുവദിച്ചാണ് ബില്ല് പാസാക്കിയത്.