മരിയൻ കേന്ദ്രങ്ങളും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും സന്ദർശിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ലിയോ മാർപാപ്പ

മരിയൻ കേന്ദ്രങ്ങളും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും സന്ദർശിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ലിയോ മാർപാപ്പ

വത്തിക്കാൻ സിറ്റി : പ്രത്യാശയുടെ ജൂബിലി വർഷം പുരോഗമിക്കവെ ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രിയങ്കരനായ ലിയോ പതിനാലാമൻ മാർപാപ്പ തൻ്റെ ഭാവി യാത്രാ പദ്ധതികൾ വെളിപ്പെടുത്തി. പോർച്ചുഗലിലെ പ്രശസ്തമായ മരിയൻ തീർത്ഥാടന കേന്ദ്രമായ ഫാത്തിമ, മെക്സിക്കോയിലെ ഗ്വാഡലൂപ്പെ എന്നിവിടങ്ങൾ സന്ദർശിക്കാനാണ് പാപ്പ അതീവ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

നവംബർ 18 ന് കാസിൽ ഗാൻഡോൾഫോയിലെ വസതിയിൽ വെച്ച് മാധ്യമ പ്രവർത്തകരുമായി സംസാരിക്കവെയാണ് തൻ്റെ യാത്രാ മോഹങ്ങൾ പാപ്പ തുറന്നു പറഞ്ഞത്. ഫാത്തിമയും ഗ്വാഡലൂപ്പെയും കൂടാതെ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ പെറു, അർജന്റീന, ഉറുഗ്വേ എന്നിവിടങ്ങളും സന്ദർശിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പാപ്പ വ്യക്തമാക്കി.

പെറുവിലേക്കും ലാറ്റിനമേരിക്കയിലേക്കുമുള്ള യാത്രയെക്കുറിച്ചുള്ള ചോദ്യത്തിന് ജൂബിലി വർഷത്തിലെ തിരക്കിട്ട ദിനചര്യകൾ ചൂണ്ടിക്കാട്ടി യാത്രകളെ സംബന്ധിച്ചുള്ള പദ്ധതികൾ അടുത്ത വർഷം ക്രമേണ ആസൂത്രണം ചെയ്യുമെന്ന് പാപ്പ മറുപടി നൽകി. "എനിക്ക് യാത്ര ചെയ്യാൻ സന്തോഷമുണ്ട്. ഒന്നിനും മുടക്കം വരുത്താതെ എല്ലാം ഷെഡ്യൂൾ ചെയ്യുന്നതാണ് പ്രശ്നം," പാപ്പ ചിരിയോടെ കൂട്ടിച്ചേർത്തു.

ലിയോ പതിനാലാമൻ പാപ്പയുടെ പ്രഥമ അപ്പസ്തോലിക യാത്ര നവംബർ 27 മുതൽ ഡിസംബർ രണ്ട് വരെ തുർക്കിയിലേക്കും ലെബനനിലേക്കും ഉള്ളതാണ്. പ്രത്യാശയുടെ ജൂബിലി വർഷം 2024 ഡിസംബർ 24 ന് ആരംഭിച്ച് 2026 ജനുവരി ആറിന് വിശുദ്ധ വാതിൽ അടക്കുന്നതോടെ സമാപിക്കും. ലാറ്റിനമേരിക്കയിലേക്കുള്ള പാപ്പയുടെ യാത്ര അടുത്ത വർഷത്തെ വത്തിക്കാൻ വാർത്തകളിൽ നിർണയകമാകും എന്ന പ്രതീക്ഷയിലാണ് വിശ്വാസി സമൂഹം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.