കിവു : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ നോർത്ത് കിവു പ്രവിശ്യയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 20 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ബ്യൂട്ടെംബോ-ബെനി രൂപതയുടെ കീഴിലുള്ള ബയാംബ്വെ പട്ടണത്തിലായിരുന്നു ആക്രമണം.
സംഭവത്തിൽ സിസ്റ്റേഴ്സ് ഓഫ് ദി പ്രസന്റേഷൻ സഭ നടത്തുന്ന ആരോഗ്യ കേന്ദ്രം (കത്തോലിക്കാ ആശുപത്രി) തീവ്രവാദികൾ അഗ്നിക്കിരയാക്കുകയായിരുന്നു. ആശുപത്രിയിൽ പ്രസവ വാർഡിലെ സ്ത്രീകൾ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. സമീപ പ്രദേശങ്ങളിൽ വെച്ച് അഞ്ച് പേരെ കൂടി ഭീകരർ വധിച്ചു.
ഇസ്‌ലാമിക് സ്റ്റേറ്റുമായി സഖ്യത്തിലുള്ള എഡിഎഫ് (അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ്) തീവ്രവാദികളാണ് ഈ കൂട്ടക്കൊലക്ക് പിന്നിലെന്ന് കരുതുന്നു.
ആക്രമണത്തെക്കുറിച്ച് പ്രദേശത്ത് ശുശ്രൂഷ ചെയ്യുന്ന മിഷനറി വൈദികനായ ഫാ. പിയുമാറ്റി നൽകിയ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. നിരപരാധികളെ അതിക്രൂരമായി കശാപ്പ് ചെയ്യുന്നതാണ് തീവ്രവാദികളുടെ രീതി. "കുഞ്ഞുങ്ങളെ മുലയൂട്ടുന്ന അമ്മമാരെപ്പോലും വെറുതെ വിടാത്ത ഇവരുടെ ഭീകരത സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണ്," അദ്ദേഹം പറഞ്ഞു. മിക്കവാറും എല്ലാ ആഴ്ചയും സംഭവിക്കുന്ന ഇത്തരം കൂട്ടക്കൊലകളിൽ പലതും പുറംലോകം അറിയുന്നില്ലെന്നും ഫാ. പിയുമാറ്റി കൂട്ടിച്ചേർത്തു.
ജൂലൈ 27 ന് ഇറ്റുറി പ്രവിശ്യയിലെ കൊമാണ്ടയിൽ ഒരു ക്രൈസ്തവ ദേവാലയത്തിൽ അതിക്രമിച്ചു കയറി വാളുകളും റൈഫിളുകളും ഉപയോഗിച്ച് ഡസൻ കണക്കിന് ക്രിസ്ത്യാനികളെ കൊലപ്പെടുത്തിയ അതേ ഭീകരസംഘം തന്നെയാണ് ബയാംബ്വെ ആക്രമണത്തിന് പിന്നിലെന്നും സംശയിക്കുന്നു.