അസീസി: ലോകമെമ്പാടുമുള്ള ക്രൈസ്തവർക്ക് ആത്മീയ പ്രചോദനമേകി വി. ഫ്രാൻസിസ് അസീസിയുടെ എണ്ണൂറാം ചരമവാർഷികാഘോഷത്തിന്റെ ഭാഗമായി ലിയോ പതിനാലാമൻ മാർപാപ്പ അസീസിയിലെത്തി. വിനയത്തിന്റെയും ദാരിദ്ര്യത്തിന്റെയും വിശുദ്ധനായ ഫ്രാൻസിസിന്റെ ശവകുടീരം സന്ദർശിച്ച് പാപ്പാ ആദരമർപ്പിച്ചു.
കനത്ത മഴയും തണുപ്പും വകവയ്ക്കാതെ തടിച്ചുകൂടിയ വിശ്വാസികൾക്ക് ആവേശമായി ഈ സന്ദർശനം. ഈ വിശുദ്ധ സ്ഥലത്ത് വരാൻ സാധിച്ചത് ഒരനുഗ്രഹമായി പാപ്പാ വിശേഷിപ്പിച്ചു. ലോകം പ്രത്യാശയുടെ അടയാളങ്ങൾ തേടുന്ന ഈ നിർണ്ണായക ഘട്ടത്തിൽ വി. ഫ്രാൻസിസിന്റെ ദാരിദ്ര്യവും വിനയവും ഇന്നും നമ്മോട് ശക്തമായി സംസാരിക്കുന്നുവെന്ന് പാപ്പാ വിശ്വാസികളെ ഓർമ്മിപ്പിച്ചു.
സന്ദർശനത്തിന്റെ ഭാഗമായി പാപ്പാ ഇറ്റാലിയൻ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ഔർ ലേഡി ഓഫ് ദി ഏഞ്ചൽസ് ബസിലിക്കയിൽ നടന്ന ഇറ്റാലിയൻ മെത്രാന്മാരുടെ 81-ാം ജനറൽ അസംബ്ലിയിലും പങ്കെടുത്തു. ഉംബ്രിയയുടെ ആത്മീയ കേന്ദ്രമായ മോണ്ടെഫാൽക്കോയിലെ അഗസ്റ്റീനിയൻ സന്യാസിനികളുടെ മഠത്തിൽ പരിശുദ്ധ കുർബാന അർപ്പിച്ച ശേഷം പാപ്പാ വത്തിക്കാനിലേക്ക് മടങ്ങി. വിശുദ്ധന്റെ ദർശനങ്ങൾ പിന്തുടരാനുള്ള ആഹ്വാനവുമായാണ് പാപ്പാ അസീസി വിട്ടത്.