സിഡ്നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ ഒരു കടയിൽ മോഷണശ്രമം തടയാൻ ശ്രമിച്ച ഹൈദരാബാദ് സ്വദേശിയായ യുവാവിന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
സിഡ്‌നിയിലെ ബർവുഡിലുള്ള ഒരു കൺവീനിയൻസ് സ്റ്റോറിൽ ജോലി ചെയ്തിരുന്ന ഹൈദരാബാദ് സ്വദേശിയായ സെയ്ഫ് മുഹമ്മദ് ഷായ്ക്കാണ് കുത്തേറ്റത്. കൗമാരക്കാരായ മോഷ്ടാക്കളാണ് ആക്രമണം നടത്തിയത്. സെയ്ഫിന്റെ നെഞ്ചിനാണ് കുത്തേറ്റതെന്നാണ് റിപ്പോർട്ടുകൾ.
ആക്രമണത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ സെയ്ഫിനെ ഉടൻ തന്നെ റോയൽ പ്രിൻസ് ആൽഫ്രഡ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. നിലവിൽ സെയ്ഫ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് എഐഎംഐഎം പ്രസിഡന്റും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഒവൈസി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. സെയ്ഫ് മുഹമ്മദ് ഷായ്ക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും ഓസ്‌ട്രേലിയൻ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഒവൈസി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.