നവോത്ഥാന കാലഘട്ടത്തിലെ കൈയെഴുത്തു പ്രതി ഇറ്റലിയിലെപ്രശസ്തമായ ബൈബിൾ റോമിൽ പ്രദർശനത്തിന്

നവോത്ഥാന കാലഘട്ടത്തിലെ കൈയെഴുത്തു പ്രതി ഇറ്റലിയിലെപ്രശസ്തമായ ബൈബിൾ റോമിൽ പ്രദർശനത്തിന്

റോം: വിശുദ്ധ വർഷാചരണത്തിന്റെ ഭാഗമായി ഇറ്റലിയിലെ ഏറ്റവും പ്രശസ്തമായ ബൈബിൾ പ്രദർശനത്തിന് റോം വേദിയാകുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു അപൂർവ നിധിയായ 'ബോർസോ ഡി എസ്റ്റെ ബൈബിൾ' (Borso D’Este Bible) ആണ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നത്. 2026 ജനുവരി 16 വരെയാണ് ഈ ചരിത്രപ്രധാനമായ കൈയെഴുത്തുപ്രതി പൊതുജനങ്ങൾക്ക് സന്ദർശിക്കാനാവുക.

1455 നും 1461നും ഇടയിലാണ് ഈ ബൈബിൾ സൃഷ്ടിക്കപ്പെട്ടത്. ഡ്യൂക്ക് ബോർസോ ഡി'എസ്റ്റെയുടെ നിർദേശ പ്രകാരം പ്രമുഖ കാലിഗ്രാഫർമാരായ പിയട്രോ പൗലോ മാരോൺ, ചിത്രകാരന്മാരായ ടാഡിയോ ക്രിവെല്ലി, ഫ്രാങ്കോ ഡീ ​​റുസ്സി എന്നിവർ ചേർന്നാണ് ഇത് നിർമിച്ചത്.

നവോത്ഥാന കാലഘട്ടത്തിലെ ഈ കൈയെഴുത്തു പ്രതിയുടെ പേജുകളിൽ വിപുലമായ മിനിയേച്ചർ പെയിന്റിങുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ഫോളിയോയിലും കാണുന്ന നിർമാണത്തിന്റെ സവിശേഷതകൾ ആ കാലഘട്ടത്തിലെ കലാമികവിൻ്റെ ഉത്തമ ഉദാഹരണമാണ്.

പതിറ്റാണ്ടുകളായി മോഡേനയിലെ എസ്റ്റെൻസി ഗാലറിയിൽ അതീവ സുരക്ഷിതത്വത്തിലാണ് ഈ ബൈബിൾ സൂക്ഷിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അപൂർവ സന്ദർഭങ്ങളിൽ മാത്രമേ ഇത് പ്രദർശിപ്പിക്കാറുള്ളൂ.

കൈയെഴുത്തു പ്രതിയുടെ പേജുകൾ നേരിട്ട് മറിക്കാൻ സന്ദർശകർക്ക് അനുവാദമില്ല. എങ്കിലും ഡിജിറ്റൽ ഡിസ്പ്ളേകളിലൂടെ അവർക്ക് ഈ അമൂല്യ ഗ്രന്ഥം പൂർണമായി പര്യവേക്ഷണം ചെയ്യാനും അതിലെ കലാവിരുന്ന് ആസ്വദിക്കാനും കഴിയും.

വത്തിക്കാന്റെ ജൂബിലിയുടെ മുഖ്യ സംഘാടകനായ ആർച്ച് ബിഷപ്പ് റിനോ ഫിസിക്കെല്ലയാണ് പ്രദർശനത്തിന്റെ അനാച്ഛാദന ചടങ്ങിൽ സംസാരിച്ചത്. തിരുവെഴുത്തുകളെ തുറന്ന മനസോടെ സമീപിക്കാൻ അദേഹം പൊതുജനങ്ങളെ പ്രോത്സാഹിപ്പിച്ചു.

കൈയെഴുത്തു പ്രതിയുടെ ദൃശ്യ സൗന്ദര്യം ബൈബിൾ പാഠങ്ങളുമായി കൂടുതൽ ഇടപഴകാൻ പ്രേരണയാകുമെന്നും വീടുകളിൽ ബൈബിൾ വായിക്കുന്നതിനുള്ള പ്രചോദനം സന്ദർശകർക്ക് നൽകുമെന്നും ആർച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.