സിഡ്‌നി: ഓസ്‌ട്രേലിയയിൽ ക്രിസ്ത്യൻ വിശ്വാസികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുമ്പോഴും രാജ്യത്തെ ദേവാലയങ്ങൾ സജീവമായി നിലനിർത്തുന്നതിൽ ഏഷ്യയിൽ നിന്നും പസഫിക് ദ്വീപുകളിൽ നിന്നുമുള്ള കുടിയേറ്റ ക്രിസ്ത്യൻ വിശ്വാസികൾ നിർണായക പങ്ക് വഹിക്കുന്നതായി റിപ്പോർട്ട്. പ്രമുഖ ഓസ്ട്രേലിയൻ മാധ്യമമായ എബിസി ന്യൂസാണ് വിശദമായ റിപ്പോർട്ട് പുറത്തുവിട്ടത്.
ഇന്ത്യ, ഫിലിപ്പീൻസ്, പസഫിക് ദ്വീപുകൾ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ് പലയിടത്തും പള്ളികളുടെ ശക്തികേന്ദ്രം. ഓസ്‌ട്രേലിയൻ ജനസംഖ്യയിലെ ക്രിസ്ത്യൻ വിഭാഗം 1971 ൽ 86 ശതമാനമായിരുന്നത് 2021 ലെ സെൻസസ് പ്രകാരം 44 ശതമാനമായി കുറഞ്ഞിരുന്നു. എന്നാൽ ഈ കുറവ് മറികടക്കാൻ കുടിയേറ്റ ജനസംഖ്യയുടെ പിന്തുണ രാജ്യത്തെ ക്രിസ്ത്യൻ സമൂഹത്തിന് തുണയാകുന്നുണ്ട്.
നോർത്ത് ക്വീൻസ്‌ലാൻഡിലെയും വിക്ടോറിയയിലെയും ഉൾപ്പെടെയുള്ള ഗ്രാമീണ മേഖലകളിൽ ദേവാലയങ്ങൾ അടച്ചു പൂട്ടാതിരിക്കാൻ വിദേശത്തു നിന്നുള്ള പുരോഹിതരെയാണ് നിയമിക്കുന്നത്. ഇന്ത്യ, ഫിലിപ്പീൻസ്, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വൈദികർ ഇത്തരം ഇടവകകളിൽ നിർണായകമായ സേവനം അനുഷ്ഠിക്കുന്നു.
വിക്ടോറിയയിലെ ബല്ലാററ്റ് രൂപതയിൽ ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നുമുള്ള നിരവധി വൈദികർ ഇപ്പോൾ സേവനമനുഷ്ഠിക്കുന്നുണ്ട്. മുൻപ് യൂറോപ്യൻ കുടിയേറ്റക്കാർ നിറഞ്ഞിരുന്ന ദേവാലയങ്ങളിൽ ഇന്ന് ഏഷ്യൻ കുടിയേറ്റക്കാരുടെ സജീവ സാന്നിധ്യമാണ് കാണുന്നത്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രൂപതകളിൽ, വയോജന സംരക്ഷണം ഉൾപ്പെടെയുള്ള സന്നദ്ധ സേവനങ്ങൾ ചെയ്ത് കുടിയേറ്റക്കാർ സമൂഹത്തിന് താങ്ങാകുന്നു.
മാത്രമല്ല പാശ്ചാത്യ രീതികളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ഊർജ്ജസ്വലവും ആത്മീയവുമായ ആരാധനാ രീതികൾ ഓസ്‌ട്രേലിയൻ ദേവാലയങ്ങളിലേക്ക് കൊണ്ടുവരാൻ കുടിയേറ്റക്കാർക്ക് കഴിഞ്ഞുവെന്നും നിരീക്ഷകർ പറയുന്നു. തങ്ങളുടെ നാടിനെയും സംസ്കാരത്തെയും ഓർമിപ്പിക്കുന്ന ഒരിടം കൂടിയായി പ്രവാസികൾ ദേവാലയങ്ങളെ കാണുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.