വാഷിങ്ടൺ: വൈറ്റ് ഹൗസിന് സമീപം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്ത അക്രമിയെ തിരിച്ചറിഞ്ഞു. അഫ്ഗാൻ പൗരനായ റഹ്മാനുള്ള ലകൻവാൾ (29) ആണ് സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവച്ചതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാൾ ഇപ്പോൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഓപ്പറേഷൻ അലൈസ് വെൽക്കം റീസെറ്റിൽമെന്റ് പ്രോഗ്രാമിന്റെ കീഴിൽ 2021 ലാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസിൽ എത്തിയത്. യുവാവ് തനിച്ചാണ് അക്രമണം നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
നാഷണൽ ഗാർഡിന് നേരെ നടന്ന വെടിവയ്പ്പിനെ ‘ഭീകരാക്രമണം’ എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്. ആ മൃഗത്തിന് വളരെ വലിയ വില നൽകേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു. ജോ ബൈഡന്റെ കീഴിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് നമ്മുടെ രാജ്യത്ത് പ്രവേശിച്ച ഓരോ അന്യഗ്രഹജീവിയെയും പുനഃപരിശോധിക്കുമെന്നും ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ ട്രംപ് പറഞ്ഞു.
വെടിയേറ്റ രണ്ട് ഗാർഡുകളുടെയും നില ഗുരുതരമാണ്. മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്നാണ് റഹ്മാനുള്ള ലകൻവാളിനെ വെടിവച്ചു കീഴ്പ്പെടുത്തിയത്. ഇയാൾക്കും നിസാര പരിക്കുണ്ട്. ഫെഡറൽ ഓഫീസർമാർക്ക് നേരെയുള്ള ആക്രമണമായതിനാൽ ഫെഡറൽ തലത്തിൽ കേസെടുക്കുമെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു.