ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്രാ തീരത്ത് ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) ആണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യന്‍ സമയം രാവിലെ പത്തരയോടെ സിമിലൂ ദ്വീപിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിക്കടിയില്‍ 25 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ്ജിഎസ് ഡാറ്റ വ്യക്തമാക്കുന്നു. നിലവില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം ആന്‍ഡമാന്‍ ദ്വീപുകളില്‍ സ്ഥിതി ചെയ്യുന്ന ഇന്ദിരപോയിന്റ്, ലിറ്റില്‍ ആന്‍ഡമാന്‍ തുടങ്ങിയ മേഖലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലെ തീര പ്രദേശങ്ങളില്‍ നിലവില്‍ സുനാമി മുന്നറിയിപ്പില്ലെന്നും ജിയോ ഫിസിക്‌സ് ഏജന്‍സി അറിയിച്ചു.