വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പായുടെ ആദ്യത്തെ അപ്പസ്തോലിക സന്ദർശനത്തിന്റെ ഭാഗമായുള്ള വിമാന യാത്രയിൽ മാധ്യമ പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ച ശ്രദ്ധേയമായി. യാത്രാമധ്യേ വിമാനത്തിൽ വെച്ചായിരുന്നു പാപ്പാ മാധ്യമങ്ങളുമായി സംവദിച്ചത്.
മാധ്യമ പ്രവർത്തകർ പാപ്പായ്ക്ക് വിത്യസ്തമായ സമ്മാനങ്ങൾ കൈമാറി. അമേരിക്കയിൽ നിന്നുള്ള രണ്ട് മാധ്യമ പ്രവർത്തകർ പാപ്പായ്ക്ക് മത്തങ്ങ കൊണ്ട് നിർമച്ച പലഹാരങ്ങൾ സമ്മാനിച്ചു. മാധ്യമ പ്രവർത്തകർ നൽകിയ പലഹാരങ്ങൾ പാപ്പാ എല്ലാവരുമായി പങ്കുവെച്ചു.
എന്നാൽ സമ്മാനങ്ങളിൽ ഏറെ ശ്രദ്ധേയമായത് മറ്റൊന്നായിരുന്നു. ബേസ്ബോൾ കളി ഇഷ്ടപ്പെടുന്ന പാപ്പായ്ക്ക് ഒരാൾ നൽകിയത് ഒരു ബേസ്ബോൾ ബാറ്റായിരുന്നു. അപ്രതീക്ഷിതമായി ലഭിച്ച ഈ സമ്മാനം സ്വീകരിച്ച ശേഷം "ഇതെങ്ങനെ സുരക്ഷാ പരിശോധന കടന്ന് ഇവിടെയെത്തി?" എന്ന് പാപ്പാ ഹാസ്യരൂപേണ ഉന്നയിച്ച ചോദ്യം ചിരി പടർത്തി.
ഏകദേശം മൂന്ന് മണിക്കൂർ നീണ്ട വിമാനയാത്രയുടെ തുടക്കത്തിൽ പാപ്പാ തന്റെ മുൻഗാമിയായ ഫ്രാൻസിസ് പാപ്പയുടെ രീതി പിന്തുടർന്ന് ഓരോ പത്രപ്രവർത്തകനെയും അവരുടെ അടുത്തെത്തി അഭിവാദ്യം ചെയ്തത് ഹൃദ്യമായ അനുഭവമായി.