ബംഗളൂരു: ബംഗളൂരു നഗരത്തില്‍ പുതുവത്സരാഘോഷം ലക്ഷ്യമിട്ട് സൂക്ഷിച്ച വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടി. സംഭവത്തില്‍ നൈജീരിയന്‍ പൗരന്‍ ഇജികെ സെഗ്വുവിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. വീട് വാടകയ്‌ക്കെടുത്ത് താമസിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരികയായിരുന്നു ഇയാളെന്ന് പൊലീസ് വ്യക്തമാക്കി.
11.64 കിലോ എംഡിഎംഎ ക്രിസ്റ്റലും 1040 തീവ്ര ലഹരി ഗുളികകളും 2.35 കിലോ മയക്കുമരുന്ന് നിര്‍മാണ അസംസ്‌കൃത വസ്തുക്കളുമാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ ആന്റി നര്‍കോട്ടിക്‌സ് വിഭാഗം പിടികൂടിയത്. ഇവയ്ക്ക് വിപണിയില്‍ 23.74 കോടി രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു. സാത്തനൂര്‍ മെയിന്‍ റോഡിലെ വാടക വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലും ചെന്നൈയിലും ഹൈദരാബാദിലും ഇയാള്‍ മയക്കുമരുന്ന് വിതരണം ചെയ്തു വരികയായിരുന്നു. പുതുവത്സരാഘോഷത്തിന് യുവാക്കളും വിദ്യാര്‍ഥികളും സംഘടിപ്പിക്കുന്ന പാര്‍ട്ടികള്‍ ലക്ഷ്യമിട്ട് സൂക്ഷിച്ച് വച്ചിരുന്നതാണ് മയക്കുമരുന്ന്. ഡല്‍ഹിയില്‍ നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. 2017 ല്‍ നൈജീരിയയില്‍ നിന്ന് ശ്രീലങ്ക വഴി ബിസിനസ് വിസയുമായാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്.
വിസയുടെ കാലാവധി കഴിഞ്ഞും അനധികൃതമായി ബംഗളൂരുവില്‍ താമസിക്കുകയായിരുന്നു ഇയാള്‍. 2019 ല്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കിടന്ന ശേഷം വീണ്ടും അതേ കച്ചവടം തുടങ്ങി. 2020 ല്‍ മറ്റൊരു മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടു. രേഖകളില്ലാതെ അനധികൃതമായി താമസിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകളും അന്ന് ചുമത്തിയിരുന്നു. വീട് വാടകയ്ക്ക് കൊടുക്കുമ്പോള്‍ സ്വീകരിക്കേണ്ട നിയമ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയതിന് ഇയാള്‍ താമസിച്ചുവന്ന വാടകവീടിന്റെ ഉടമയുടെ പേരിലും നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.