വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാഷണല്‍ ഗാര്‍ഡ് അംഗത്തില്‍ ഒരാള്‍ മരിച്ചു. വെസ്റ്റ് വിര്‍ജീനിയ സ്വദേശി സാറാ ബെക്ക്‌സ്‌ട്രോം (20) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
വെടിയേറ്റ മറ്റൊരു നാഷണല്‍ ഗാര്‍ഡ് അംഗമായ ആന്‍ഡ്രൂ വൂള്‍ഫ് (24) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
അതേസമയം സൈനികര്‍ക്ക് നേരെ വെടിവച്ച റഹ്മാനുല്ല ലഖന്‍വാള്‍ (29) അഫ്ഗാന്‍ യുദ്ധകാലത്ത് യുഎസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചയാളാണെന്ന് സിഐഎ സ്ഥിരീകരിച്ചു. റഹ്മാനുല്ലയുടെ യു.എസ് സൈനിക ബന്ധം യു.എസ് ഇന്റലിജന്‍സ് ഏജന്‍സിയായ സിഐഎയുടെ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫാണ് സ്ഥിരീകരിച്ചത്. റഹ്മാനുല്ല യു.എസ് സൈന്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണെന്ന് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേലും സ്ഥിരീകരിച്ചിട്ടുണ്ട്.
താലിബാനെതിരായ പോരാട്ടത്തില്‍ യു.എസ് സൈന്യത്തെ സഹായിച്ചവര്‍ക്ക് യുഎസിലേക്ക് കുടിയേറ്റത്തിന് ബൈഡന്‍ ഭരണകൂടം അനുവദിച്ച പദ്ധതി വഴി 2021 ലാണ് റഹ്മാനുള്ള അമേരിക്കയില്‍ എത്തുന്നത്. വെടിവെപ്പില്‍ എഫ്ബിഐ അന്വേഷണം നടത്തി വരികയാണ്.