കൊളംബോ: ശ്രീലങ്കയില്‍ വന്‍ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 56 ആയി. കനത്ത മഴയെ തുടര്‍ന്ന് രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും അടച്ചു. രണ്ട് ദിവസമായി രാജ്യത്ത് വീശിയടിച്ച കാറ്റില്‍ 23 പേരെ ഇനിയും കണ്ടെത്താനുണ്ട്.
കൊളംബോയില്‍ നിന്ന് 300 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന ബദുള്ള, നുവാര ഏലിയ എന്നിവിടങ്ങളിലെ തേയിലത്തോട്ടം മേഖലയില്‍ 25 ല്‍ അധികം പേര്‍ മരിച്ചതായാണ് വിവരം. 23 പേരെ കാണാതായെന്നും 14 പേര്‍ക്ക് പരിക്കേറ്റതായും ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു. നദികളിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാര്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കെലാനി നദീതടത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ക്ക് റെഡ് ലെവല്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ജലസേചന വകുപ്പിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് അവശ്യ സര്‍വിസുകള്‍ ഒഴികെയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി. രാജ്യത്തുടനീളം ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഏകദേശം 20,500 സൈനികരെ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യന്‍ കപ്പലുകള്‍ ശ്രീലങ്കയിലെത്തിയതായി പ്രധാന മന്ത്രി നരേന്ദ്ര മോഡി അറിയിച്ചു.
ദുരിതാശ്വാസ സാമഗ്രികളാണ് കപ്പലിലുള്ളത്. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം നേര്‍ന്ന മോഡി ഓപ്പറേഷന്‍ സാഗര്‍ ബന്ധുവിന്റെ ഭാഗമായി ഇന്ത്യ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായും അറിയിച്ചു. ഡിറ്റ് വാ ചുഴലിക്കാറ്റില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. എല്ലാ ദുരിതബാധിത കുടുംബങ്ങളുടെയും സുരക്ഷയ്ക്കായി ഞാന്‍ പ്രാര്‍ഥിക്കുന്നുവെന്ന് മോഡി എക്സില്‍ കുറിച്ചു.
പ്രാഥമിക ദുരന്ത നിവാരണ സാമഗ്രികളും സഹായവും ശ്രീലങ്കയിലെത്തിച്ചിട്ടുണ്ടെന്ന് അദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ പരിശോധിച്ച് കൂടുതല്‍ സഹായം നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.