ഹോങ്കോങ് തീപിടുത്തം: മരണം 128 ആയി; കത്തിയമർന്ന ടവറുകളിൽ നിന്ന് കണ്ടെടുത്തത് 108 മൃതദേഹങ്ങൾ; 200 ഓളം താമസക്കാരെ കാണാനില്ല

ഹോങ്കോങ് തീപിടുത്തം: മരണം 128 ആയി; കത്തിയമർന്ന ടവറുകളിൽ നിന്ന് കണ്ടെടുത്തത് 108 മൃതദേഹങ്ങൾ; 200 ഓളം താമസക്കാരെ കാണാനില്ല

ഹോങ്കോങ് : ചൈനീസ് ഭരണകൂടത്തിന് കീഴിലുള്ള പ്രത്യേക ഭരണപ്രദേശമായ ഹോങ്കോങിൽ ബഹുനില കെട്ടിടങ്ങളിൽ തീപിടിച്ചുണ്ടായ വൻ ദുരന്തത്തിൽ മരണസംഖ്യ 128 ആയി ഉയർന്നു. രക്ഷാപ്രവർത്തനം അവസാനിച്ചെങ്കിലും മരണപ്പെട്ടവരെ തിരിച്ചറിയാൻ സാധിക്കാത്തത് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ആയിരത്തോളം പൊലീസുകാരെ അടക്കം വിന്യസിച്ചു നടത്തിയ തിരച്ചിലിൽ കത്തിയമർന്ന ടവറുകളിൽ നിന്ന് 108 മൃതദേഹങ്ങൾ കണ്ടെടുത്തു. ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ നാലു പേർ മരണമടഞ്ഞു.

തായ് പോയിലെ വാങ് ഫുക് കോർട്ട് പാർപ്പിട സമുച്ചയത്തിലെ എട്ട് ടവറുകളിൽ ഒന്നിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് തീപിടിച്ചത്. തുടർന്ന് ഏഴ് ടവറുകളിലേക്കും തീ വ്യാപിക്കുകയായിരുന്നു. 1980 കളിൽ നിർമിച്ച വാങ് ഫുക് കോർട്ട് പാർപ്പിട സമുച്ചയത്തിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനിടെയാണ് തീപിടിത്തം. ടവറുകളിലെ താമസക്കാരിൽ ഏറെയും വയോധികരായിരുന്നു. ഏകദേശം 4,800 ഓളം വയോധികരായ താമസക്കാർ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.

അപകടത്തിൽ പരിക്കേറ്റ 79 പേരിൽ 12 ഫയർ ഫൈറ്റർ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. 900ത്തോളം പേരെ കെട്ടിടങ്ങളിൽനിന്ന് ഒഴിപ്പിച്ചു താൽക്കാലിക ഷെൽട്ടറുകളിൽ പാർപ്പിച്ചിട്ടുണ്ട്. അതേസമയം ആയിരത്തിലധികം ഫയർ ഫൈറ്റർമാർ ചേർന്ന് 24 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ തീ പൂർണമായും അണച്ചു. തുടർന്ന് ഓരോ നിലയിലും പരിശോധന ആരംഭിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.