നൈജീരിയയിൽ തടവിലായിരുന്ന ആംഗ്ലിക്കൻ വൈദികൻ മരിച്ചു; ഭാര്യയും മകളും ഇപ്പോഴും ബന്ദികൾ

നൈജീരിയയിൽ തടവിലായിരുന്ന ആംഗ്ലിക്കൻ വൈദികൻ മരിച്ചു; ഭാര്യയും മകളും ഇപ്പോഴും ബന്ദികൾ

അബുജ : നൈജീരിയയിൽ അക്രമികൾ തട്ടിക്കൊണ്ടു പോയ ആംഗ്ലിക്കൻ വൈദികൻ റവ. എഡ്വിൻ ആച്ചി തടവിൽ മരണമടഞ്ഞു. ഒക്ടോബർ 28-ന് കടുന സംസ്ഥാനത്തെ ചികുൻ കൗണ്ടിയിലെ നിസ്സി ഗ്രാമത്തിൽ നിന്നാണ് ഫാ. എഡ്വിനെയും ഭാര്യ സാറാ ആച്ചിയെയും മകളെയും സായുധരായ അക്രമികൾ തട്ടിക്കൊണ്ടുപോയത്.

തട്ടിക്കൊണ്ടുപോയവർ മോചനദ്രവ്യമായി ആവശ്യപ്പെട്ടത് 600 മില്യൺ നായര (ഏകദേശം $415,216)യാണ് . എന്നാൽ പണം നൽകുന്നതിനു മുൻപ് തന്നെ ഫാ. എഡ്വിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

തടവിലായിരിക്കെ ഫാ. എഡ്വിൻ എങ്ങനെ മരിച്ചുവെന്ന് സഭാ നേതൃത്വം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്. വൈദികന്റെ മരണം ആംഗ്ലിക്കൻ രൂപതയ്ക്കും വിശ്വാസി സമൂഹത്തിനും വലിയ വേദനയാണ് നൽകിയിരിക്കുന്നത്.

"ഒക്ടോബർ 28 ന് ഭാര്യയോടൊപ്പം തട്ടിക്കൊണ്ടു പോകപ്പെട്ട ഫാ. എഡ്വിൻ മരിച്ചതായി സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മരണം മുഴുവൻ രൂപതയ്ക്കും വൈദികർക്കും സഭാകുടുംബത്തിനും വേദനാജനകമായ നഷ്ടമാണ്. തട്ടിക്കൊണ്ടു പോകുന്നവരുടെ കൈകളിൽ ഇപ്പോഴും തുടരുന്ന അദേഹത്തിന്റെ ഭാര്യയുടെയും മകളുടെയും മോചനത്തിനായി ഞങ്ങൾ പ്രാർഥിക്കുന്നത് തുടരുന്നു," ആംഗ്ലിക്കൻ നേതാക്കൾ അറിയിച്ചു.

മരണത്തിനു ദിവസങ്ങൾക്കു മുൻപ് ഫാ. എഡ്വിനും കുടുംബവും ബന്ദികളാക്കപ്പെട്ട മറ്റ് ക്രിസ്ത്യാനികളോടൊപ്പം നിൽക്കുന്ന ഒരു ചിത്രം അക്രമികൾ പുറത്തുവിട്ടിരുന്നു. ഫാ. എഡ്വിന്റെ മരണത്തോട ഭാര്യയുടെയും മകളുടെയും സുരക്ഷിതത്വം സംബന്ധിച്ച ആശങ്ക വർധിച്ചിരിക്കുകയാണ്. എത്രയും പെട്ടെന്ന് അവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സഭാ കേന്ദ്രങ്ങൾ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.